29 March, 2019 08:02:38 PM
സൂര്യാതപം: എറണാകുളത്ത് ഇന്ന് ചികിത്സ തേടിയത് 8 പേർ
കൊച്ചി: സൂര്യാതപം കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണം എന്ന ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ റീജിയണൽ ജോയിൻ ലേബർ കമ്മീഷണർ കെ ശ്രീലാലിന്‍റെ നിർദ്ദേശപ്രകാരം മധ്യമേഖലയിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പരിശോധന തുടരുന്നു. ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ നിർമ്മാണ സൈറ്റുകളിലും പിഡബ്ല്യുഡി കരാർ പണികളിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികളോട് 12 മണി മുതൽ മൂന്ന് മണിവരെ ജോലി ചെയ്യരുതെന്ന് നിർദേശിച്ചു.
തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്ന കരാറുകാരോട് ഉത്തരവ് കർശനമായി പാലിക്കണമെന്നും നിർദ്ദേശം നൽകി. ചെറുകിട നിർമ്മാണ സ്ഥലങ്ങളിലും ഉത്തരവ് ലംഘിച്ച് ജോലികൾ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്ക് സ്റ്റോപ്പ് മെമ്മോ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും റീജിയണൽ ജോയിന്‍റ് ലേബർ കമ്മീഷണർ കെ ശ്രീലാൽ അറിയിച്ചു. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് തൊഴിൽ വകുപ്പ് തൊഴിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.
നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരുംദിവസങ്ങളിൽ തുടർച്ചയായ പരിശോധനകൾ ഉണ്ടാകും.
അതീവഗുരുതരമായ കാലാവസ്ഥ കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും സുരക്ഷ മുൻനിർത്തി തൊഴിൽസമയം പാലിക്കേണ്ടതാണെന്ന് റീജിയണൽ ജോയിൻ ലേബർ കമ്മീഷണർ അറിയിച്ചു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1800425552 14, 155300, 04842422244 എന്നീ നമ്പറുകളിൽ വിളിച്ച് പരിഹാരം തേടേണ്ടതാണ്.
അതേസമയം, കനത്ത ചൂടിൽ ആരോഗ്യ പ്രശ്നങ്ങളുമായി എറണാകുളം ജില്ലയിൽ ഇന്ന് ചികിത്സ തേടിയെത്തിയത് 8 പേർ. ഇതിൽ 3 പേർക്ക് ദേഹത്ത് ചെറിയ രീതിയിൽ പൊള്ളലുണ്ടായി. മത്സ്യ തൊഴിലാളികൾ, കർഷകതൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ തുടങ്ങി വെയിലേൽക്കുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരിലാണ് കൂടുതലും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ചൂട് കുറയുന്ന സാഹചര്യമില്ലാത്തതിനാൽ മുൻപ് പുറപ്പെടുവിച്ച എല്ലാ മുകരുതലുകളും തുടർന്നും പാലിക്കേണ്ടതാണ്.