26 March, 2019 07:19:54 PM


പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്ക പള്ളി തര്‍ക്കം: ആരാധനയ്ക്ക് ഇരുവിഭാഗത്തിനും പ്രത്യേക സമയം

 


കൊച്ചി: പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളിയിലെ യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന് പരിഹാരം. ഇരു വിഭാഗങ്ങള്‍ക്കുമുള്ള ആരാധന സമയം ക്രമീകരിച്ചുകൊണ്ട് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സമയം രാവിലെ 6 മുതല്‍ 8.45 വരെയും യാക്കോബൈറ്റ് വിഭാഗത്തിന്റെ സമയം 9 മുതല്‍ 12 വരെയും ആയി നിശ്ചയിച്ചു.


പള്ളി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും. പള്ളിയുടെ താക്കോല്‍ വില്ലേജ് ഓഫീസറോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ സൂക്ഷിക്കും. ആരാധനയ്കക് അനുവദിച്ച സമയത്ത് പള്ളി തുറക്കും. വിവാഹം, മരണം പോലുളള പ്രത്യേക സന്ദര്‍ഭങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് തീരുമാനിക്കും. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് പുതിയ കോടതി വിധി ഉണ്ടാകുന്നതു വരെ ഈ രീതി പിന്തുടരും.  


ശനിയാഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗം പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കോ പള്ളിയില്‍ പ്രവേശിച്ചതോടെയാണ് യാക്കോബായ വിഭാഗവുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അപ്പോള്‍ മുതല്‍ പള്ളിക്ക് മുന്നില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം പള്ളി വിട്ടുകിട്ടണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മുന്‍പ് ഉണ്ടായിരുന്ന പോലെ ആരാധന നടത്താമെങ്കിലും പള്ളി വിട്ടു കൊടുക്കാന്‍ അനുവദിക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഇരു സഭാപ്രതിനിധികളും പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K