18 March, 2019 10:25:34 AM
ഭൂനികുതി പ്രശ്നത്തില്‍ സര്‍ക്കാരിനെതിരായ കര്‍ഷക സമരത്തിന് പിന്തുണയുമായി താമരശേരി രൂപത
കോഴിക്കോട്: ഭൂനികുതി പ്രശ്നത്തില്‍ സര്‍ക്കാരിനെതിരായ മലയോര കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി താമരശേരി രൂപത. ബുധനാഴ്ചത്തെ കളക്ട്രേറ്റ് സമരം താമരശേരി ബിഷപ്പ് ഉദ്ഘാടനം ചെയ്യും. ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വില്ലേജുകളിലെ ഇരുനൂറോളം കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1977 ന് മുന്‍പ് ഭൂമി കൈവശമുള്ളതാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടായിട്ടും കരമെടുക്കുന്നില്ലെന്ന് കര്‍ഷകരുടെ പരാതി. എന്നാല്‍ കൈവശം വച്ചിരിക്കുന്നത് വനഭൂമിയല്ലെന്ന് തെളിയിക്കാന്‍ തക്ക കാലദൈര്‍ഘ്യമുള്ള കൃഷി ഇവിടങ്ങളിലില്ലെന്നാണ് വനംവകുപ്പിന്‍റെ വാദം. ഒന്നരവര്‍ഷം മുന്‍പ് ചെമ്പനോടയില്‍ നടന്ന കര്‍ഷകആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഭൂരേഖയുണ്ടെങ്കില്‍ കര്‍ഷകരുടെ കരം സ്വീകരിക്കണമെന്ന നിര്‍ദ്ദേശം റവന്യൂ വനംവകുപ്പുകള്‍ക്ക് മുഖ്യമന്ത്രി തന്നെ നല്‍കിയിരുന്നു. നീതി നിഷേധിക്കുന്നുവെന്ന പരാതിയുമായി കര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങുമ്പോള്‍ താമരശേരി രൂപതയും ഒപ്പമുണ്ട്. പ്രാദേശിക തലത്തില്‍ നടന്ന വില്ലേജ് ഓഫീസ് ഉപരോധങ്ങളിലടക്കം രൂപതയുടെ പിന്തുണയുണ്ടായിരുന്നു.
ബുധനാഴ്ച സൂചന സമരം നടത്തും. പിന്നീട് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് പദ്ധതി. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സമയം കര്‍ഷക പ്രതിഷേധത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് രൂപതയുടെ നീക്കമെന്ന് സൂചനയുണ്ട്. മദ്യനയം, പ്രളയാനന്തര പുനര്‍നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനോടിടഞ്ഞ താമരശേരി രൂപത വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇതിന്‍റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.