16 March, 2019 10:36:57 AM
കാസർകോട് പെരിയ ഇരട്ടക്കൊലപാതകം: ഒരാൾ കൂടി പിടിയിൽ
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാളെ കൂടി അന്വേഷണ സംഘം പിടികൂടി. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് കസ്റ്റേഡിയിൽ ഉള്ളത്. പ്രതികളെ സഹായിച്ച ആളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. രഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. നിലവിൽ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കൽ പൊലീസാണ്. ഇതിന് ശേഷം അന്വേഷണ ഏജൻസിയും സംഘവും മാറി. സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഇരകളുടെ കുടുംബം ഉന്നയിക്കുന്നത്.