09 March, 2019 09:24:26 AM
വസന്തകുമാറിന്‍റെ ഭാര്യയ്ക്ക് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരനിയമനം; മന്ത്രി ഉത്തരവ് കൈമാറി
കല്‍പ്പറ്റ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വി.വി വസന്തകുമാറിന്‍റെ ഭാര്യ ബി. ഷീനയ്ക്ക് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരനിയമനം. ഉത്തരവ് മന്ത്രി അഡ്വ. കെ. രാജു വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ കുടുംബവീട്ടിലെത്തി കൈമാറി. തൃക്കൈപ്പറ്റയിലെത്തിയ മന്ത്രി വസന്തകുമാറിന്‍റെ കുഴിമാടം സന്ദര്‍ശിച്ചതിനു ശേഷമാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്.
വിവരങ്ങള്‍ തിരക്കിയ അദ്ദേഹം നിയമന ഉത്തരവും ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങളുടെ പകര്‍പ്പും ഷീനയ്ക്ക് കൈമാറി. വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ ഫിനാന്‍സ് വിങില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ആയാണ് നിയമനം. നേരത്തെ ഇതേ തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ഷീന. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്കു ജോലിയില്‍ പ്രവേശിക്കാമെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും അരമണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച മന്ത്രി പറഞ്ഞു.
സി.കെ ശശീന്ദ്രന്‍ എംഎല്‍എ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.സഹദ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ജോസഫ് മാത്യു, അക്കാദമിക് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എന്‍. അശോക്, ഫിനാന്‍സ് ഓഫിസര്‍ ഡോ. കെ.എം ശ്യാം മോഹന്‍, എന്റര്‍പ്രണര്‍ഷിപ്പ് ഡയക്ടര്‍ ഡോ. നാരായണന്‍, യൂണിവേഴ്‌സിറ്റി ഭരണസമിതി അംഗം ഡോ. ലീബ ചാക്കോ, സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത്കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി. ഗഗാറിന്‍, വിജയന്‍ ചെറുകര തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഫെബ്രുവരി 25ന് കൈമാറിയിരുന്നു. മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുകയ്ക്കുള്ള ചെക്കാണ് എഡിഎം കെ. അജീഷ്, ഫിനാന്‍സ് ഓഫിസര്‍ എ.കെ ദിനേശന്‍, എല്‍ആര്‍ തഹസില്‍ദാര്‍ എന്‍. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് വസന്തകുമാറിന്റെ വീട്ടിലെത്തി കൈമാറിയത്.