09 March, 2019 09:02:41 AM
പേരില്‍ തന്നെ കൗതുകം: കുഞ്ഞിമാവിന്‍റടിയിലെ വെളിച്ചത്തിന്‍റെ കഥയുമായി ചുണ്ടൊപ്പ് മാഗസിന്‍ ഒരുങ്ങുന്നു

കാസര്‍കോട്: പേരില്‍ തന്നെ കൗതുകമുണര്‍ത്തി കുഞ്ഞിമാവിന്‍റടിയിലെ വെളിച്ചത്തിന്‍റെ കഥ പറയാനൊരുങ്ങുകയാണ് ചുണ്ടൊപ്പ് മാഗസിനിലൂടെ കാസര്‍കോട്ടെ സര്‍ക്കാര്‍ അന്ധവിദ്യാലയം. സ്‌കൂള്‍ എഴുപതാം വര്‍ഷത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ സ്‌കൂളിന്‍റെ ചരിത്രം അടയാളപ്പെടുത്തുന്ന ഒരു മാഗസിന്‍ പ്രസിദ്ധീകരിക്കണമെന്ന ആശയം അധ്യാപകനും പാലക്കാട് സ്വദേശിയുമായ എം രാജേഷിന്‍റെ മനസില്‍ ഉദിച്ചതാണ്. വ്യത്യസ്തമാര്‍ന്ന പേരു തന്നെ മാഗസിന് വേണമെന്ന ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രാദേശികമായി സുപരിചിതമായ ചുണ്ടൊപ്പ് എന്ന് പദത്തെക്കുറിച്ച് അദ്ദേഹം കേള്‍ക്കുന്നത്. കാഴ്ചാപരിമിതിയുള്ളവരെ സംബന്ധിച്ചിടത്തോളും ഏറെ പ്രാധാന്യമുള്ളതാണ് ചുണ്ടൊപ്പുകള്‍.
ഈ മാസം 29ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവാണ് ചുണ്ടൊപ്പ് മാഗസിന്‍ പ്രകാശനം ചെയ്യുന്നത്. സ്‌കൂളിന്‍റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍, പഴയ അധ്യാപകരുമായി നടത്തിയ അഭിമുഖങ്ങള്‍, ഭിന്നശേഷിക്കാരുടെ നിയമപരിരക്ഷകളെ ക്കുറിച്ചുള്ള ലേഖനങ്ങള്‍, തൊഴില്‍ മേഖലകളിലും, വിദ്യാഭ്യാസ മേഖലകളിലും നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍, കുട്ടികളുടെ സാഹിത്യരചനകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഏഴുപേര്‍ അടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡ് ആണ് ചുണ്ടൊപ്പ് എന്ന മാഗസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
1950 ല്‍ കാസര്‍കോട്ടെ റെയില്‍വേസ്റ്റേഷനടുത്ത് വാടകകെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തമാരംഭിക്കുന്നത്. 1964 ല്‍ വിദ്യാനഗറിലെ സ്വന്തം കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറുകയായിരുന്നു. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ അന്ധവിദ്യാലയം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏകാധ്യാപക വിദ്യാലമായാണ് തുടങ്ങിയതെങ്കിലും ഇന്ന് 12 അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. കെ അബ്ദുള്ളയാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍. ഒന്നു മുതല്‍ ഏഴാംക്ലാസുവരെയായി 14 കുട്ടികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്. കൂടാതെ സ്‌കൂളിലെ അധ്യാപകരായ എം പി അബൂബക്കറും നാരായണനും ഉമേശന്‍ മാഷുമെല്ലാം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളും സഹപാഠികളും കൂടിയാണ്.
ഇതുവരെയായി 400 ലധികം വിദ്യാര്‍ഥികള്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നു പഠിച്ചിറങ്ങി.ഇതില്‍ പലരും ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സാമൂഹിക പ്രവര്‍ത്തക മുനീസ, കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായ ജീവന്‍രാജും കൃഷ്ണപ്രിയയുമെല്ലാം ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികളാണ്. കൂടാതെ സംസ്ഥാന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലു തവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. സ്ഥിരം വിഷയങ്ങള്‍ക്കുപുറമെ മ്യൂസിക്, ക്രാഫ്റ്റ്, ഇന്‍സ്ട്രുമെന്റ്, തുടങ്ങിയ വിഷയങ്ങളും കുട്ടികള്‍ക്കായി പാഠ്യേതരവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.