07 March, 2019 01:05:22 PM
'കനിവിന്‍റെ വാനമ്പാടി'യുടെ 12 മണിക്കൂര്‍ മാരത്തോണ്‍ സംഗീതം തുടരുന്നു; ഏഴാമത്തെ വേദിയില്‍
കൊച്ചി: തലച്ചോറിനെ ബാധിച്ച അസുഖത്തിന്‍റെ വേദനകള്‍ മറന്ന് വീണ്ടും പ്രിയയുടെ മാരത്തോണ്‍ ഗാനാലാപനം. 12 മണിക്കൂര്‍ നീളുന്ന സംഗീതാലാപനവുമായി പ്രിയ സുമേഷ് എന്ന ഗായിക തെരുവിലിറങ്ങിയത് പാവപ്പെട്ട രോഗികള്‍ക്ക് ഒരു കൈതാങ്ങായാണ്. പ്രിയയുടെ ഏഴാമത് മാരത്തോണ്‍ ഗാനാലാപനം ഇന്നലെ എറണാകുളത്ത് നടന്നു. അഭിനേത്രിയും ഗായികയും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ നടത്തുന്ന സംഗീതപരിപാടി പതിനായിരകണക്കിന് ആളുകളുടെ കാതിന് ഇമ്പം പകര്‍ന്നു കഴിഞ്ഞു. പഴയകാല സിനിമാ ഗാനങ്ങളും നാടകഗാനങ്ങളും ലളിതഗാനങ്ങളും കോര്‍ത്തിണക്കിയായിരുന്നു പ്രിയയുടെ പാട്ടുകള്‍.
ഈശ്വരന്‍ കനിഞ്ഞു നല്‍കിയ സിദ്ധി ഈശ്വരനു പ്രിയമുള്ളവര്‍ക്ക് വേണ്ടി നല്‍കുന്ന പ്രിയ മനുഷ്യമനസ്സില്‍ സ്‌നേഹവും കാരുണ്യവും ഇനിയും വറ്റിയിട്ടില്ലെന്നു പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്. പാവങ്ങളുടെ പാട്ടുകാരി എന്ന വിശേഷിപ്പിക്കപ്പെടുന്ന പ്രിയ അച്ചു ഇതിനോടകം എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറിലധികം സ്ഥലങ്ങളില്‍ അശരണര്‍ക്കായി സംഗീതപരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. ഇതില്‍ ഏഴ് തവണയും പരിപാടി 12 മണിക്കൂര്‍ നീണ്ടുനിന്നു. പൊരിവെയിലും കനത്ത മഴയും വകവെയ്ക്കാതെയാണ് പ്രിയ നീണ്ട 12 മണിക്കൂര്‍ തെരുവില്‍ പാടുന്നത്.
പനമ്പുകാട്ട് പെരിങ്ങോട്ട് ഗീതയുടെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് ധനസമാഹരണത്തിനായാണ് വ്യാഴാഴ്ച കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ 12 മണിക്കൂര്‍ പാടിയത്. സിനിമാതാരം സുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. കരള്‍മാറ്റ ശസ്ത്രക്രീയയ്ക്ക് നിശ്ചയിക്കപ്പെട്ട പത്ത് മാസം പ്രായമുള്ള പ്രാര്‍ത്ഥന അഖിലിനായി പള്ളുരുത്തിയിലും ഫോര്‍ട്ട്കൊച്ചിയിലും പ്രിയ 12 മണിക്കൂര്‍ ലൈവായി പാടിയപ്പോള്‍ സഹായനിധിയിലേക്ക് ഒഴുകിയെത്തിയത് 1,57,000 രൂപ. ആലങ്ങാട് കരിങ്ങാംതുരുത്ത് കരിവേലില്‍ രതീഷിന്‍റെയും മായയുടെയും മകന്‍ രക്താര്‍ബുദം ബാധിച്ച ആറ് വയസുകാരന്‍ വസുദേവ് എന്ന കുട്ടിയുടെ ചികിത്സാ സഹായത്തിന് മൂവാറ്റുപുഴയില്‍ നടത്തിയ സംഗീതപരിപാടിയിലൂടെ പ്രിയ സമാഹരിച്ച് നല്‍കിയത് 50,000 രൂപയായിരുന്നു.
ഇരുവൃക്കകളും തകരാറിലായ പെരുമ്പാവൂര്‍ വളയംചിറങ്ങര ചിരപ്പുറത്ത് സി.വി.വിനീതിന് ചികിത്സാ സഹായമെത്തിക്കാന്‍ ഒരു മാസം മുമ്പ് സംഗീതയജ്ഞവുമായി പ്രിയ തെരുവിലിറങ്ങിയപ്പോള്‍ ലഭിച്ചത് 78,000 രൂപ. ആലുവ സ്വദേശിയായ നിര്‍സ എന്ന കുട്ടിയ്ക്കായി പാടിയപ്പോള്‍ 1,50,000 രൂപ ലഭിച്ചു. ഇങ്ങൻെ പാടി ലഭിക്കുന്ന സ്വന്തം ചെലവിന് പോലും എടുക്കാതെ അപ്പോള്‍തന്നെ രോഗികള്‍ക്ക് കൈമാറുന്നതിനാല്‍ പ്രിയയുടെ പാട്ട് കേള്‍ക്കുന്ന ആസ്വാദകര്‍ക്ക് ഇവരോടുള്ള വിശ്വാസവും സ്നേഹവും പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ്.
ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് പ്രിയയുടെ ഈശ്വരസമര്‍പ്പണമാണ്. തലച്ചോറിനെ ബാധിച്ച പിറ്റിയൂട്ടറി അഡിനോമാ എന്ന അസുഖത്തെ തുടര്‍ന്ന് താന്‍ അനുഭവിച്ച വേദനകളാണ് പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കൂടിയുള്ളതാവണം ജീവിതം എന്ന തീരുമാനത്തില്‍ തന്നെ എത്തിച്ചതെന്ന് പ്രിയ പറയുന്നു. ഒപ്പം കാന്‍സര്‍ ബാധിതയായി മരിച്ച സഹോദരിയുടെ ഓര്‍മ്മകളും. കോഴിക്കോട് സ്വദേശിനിയായ പ്രിയ വിവാഹത്തിനുശേഷം ഭര്‍ത്താവ് സുമേഷിനൊപ്പം ഇപ്പോള്‍ എറണാകുളം എളമക്കരയിലാണ് താമസം. തന്‍റെ അസുഖം മാറുവാന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ചിലപ്പോള്‍ ശബ്ദമോ കാഴ്ചയോ നഷ്ടപ്പെട്ടേക്കാമെന്നും. മരുന്നിന്‍റെ പാര്‍ശ്വഫലമായി നല്ല ക്ഷീണവും തലകറക്കവും അനുഭവപ്പെടാറുണ്ടെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയുന്നിടത്തോളം മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് ഈ ജീവിതം തുടരട്ടെ എന്നാണ് പ്രിയയുടെ പക്ഷം.
ബസ് സ്റ്റോപ്പുകളില്‍ ഒരു കുടയുടെ തണല്‍ പോലുമില്ലാതെ പാടുന്ന പെണ്‍കുട്ടിയുടെ ചിത്രം ആരോ സോഷ്യല്‍ മീഡിയയില്‍ ഇടുകയും അത് വൈറലാകുകയും ചെയ്തതോടെയാണ് പ്രിയ സുമേഷ് എന്ന കലാകാരിയുടെ നല്ല മനസ് പുറംലോകം അറിഞ്ഞുതുടങ്ങിയത്. പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി തെരുവില്‍ 'ആടിവാ കാറ്റേ...' എന്ന പാട്ട് പ്രിയ പാടിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ഗാനത്തോടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
മൂന്ന് വര്‍ഷം ആയി പ്രിയ തെരുവില്‍ പാടി തുടങ്ങിയിട്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി പാട്ടുപാടുന്ന ഗായകസംഘങ്ങളോട് താനും ഒരു പാട്ട് പാടിക്കോട്ടെ എന്നു ചോദിച്ച്‌കൊണ്ടായിരുന്നു പ്രിയയുടെ തുടക്കം. പ്രതിഫലേച്ഛയില്ലാതെ ഇങ്ങനെ പലയിടത്തും പാടി. അവസാനം ഭര്‍ത്താവ് സുമേഷുമായി ആലോചിച്ച് ഒരു ടീമുണ്ടാക്കി പ്രിയ നേരിട്ട് തെരുവിലിറങ്ങുകയായിരുന്നു. 'എന്‍റെ ചോറ്റാനിക്കര അമ്മ', 'എന്‍റെ പ്രണയതൂലിക', 'ഓണം പൊന്നോണം' എന്നീ ആല്‍ബങ്ങളിലും 'ഇതു തോറ്റു പോയവന്‍റെ കഥ' , 'തട്ടിം മുട്ടിം' തുടങ്ങിയ എന്ന ഷോര്‍ട്ട് ഫിലിമികളിലും 'കുന്തം' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പട്ടുറുമ്മാല്‍ എന്ന ആല്‍ബത്തില്‍ പാടി അഭിനയിക്കുകയും ചെയ്തു. ഇപ്പോള്‍ ജോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന രാവണരാക്ഷസന്‍ എന്ന സിനിമയില്‍ പാടുവാനവരം ലഭിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്കുമുമ്പ് എറണാകുളം മേനക ജംഗ്ഷനില്‍ പാടവെ അതുവഴി കടന്നുപോയ ഗായകന്‍ മധു ബാലകൃഷ്ണന്‍ വണ്ടി നിര്‍ത്തിയിറങ്ങി പ്രിയയോടൊപ്പം രണ്ട്മൂന്ന് പാട്ടുകള്‍ പാടി. ഒപ്പം പ്രിയയെ അനുമോദിക്കുകയും ചെയ്തു. പ്രിയയുടെ കാരുണ്യപ്രവൃത്തികള്‍ മനസിലാക്കിയ മസ്‌കറ്റിലെ മലയാളിസംഘടന മോഹന്‍ലാലിന്റെ വിസ്മസന്ധ്യ എന്ന പരിപാടിയില്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയി പ്രിയയെ ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇതിനോടകം ഒട്ടേറെ അംഗീകാരങ്ങള്‍ പ്രിയയെ തേടിയെത്തി. സാന്ദ്ര അക്കാദമിയുടെ സംഗീത കാരുണ്യരത്‌ന പുരസ്‌കാരം പ്രിയയ്ക്ക് സമ്മാനിച്ചത് ഡിജിപി ലോക്‌നാഥ് ബഹ്‌റ ആയിരുന്നു. ശ്രീവരാഹം മഹാഗണപതി ക്ഷേത്രത്തിന്റെ പേരിലുള്ള ആദ്യ പുരസ്‌കാരവും കലാകൈരളിപുരസ്‌കാരവും ലഭിച്ചിരുന്നു. വയലാര്‍ രാമവര്‍മ്മയുടെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ പക്കല്‍ നിന്നും പ്രിയയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു.
കലാഭവന്‍ ഉള്‍പ്പെടെ ഒട്ടനേകം മ്യൂസിക് ഗ്രൂപ്പുകളില്‍ പാടിയിട്ടുള്ള പ്രിയ 2016ല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ആര്‍ട്‌സ് ആന്റ് മെഡിസിന്‍ പരിപാടിയില്‍ നിറസാന്നിദ്ധ്യമായിരുന്നു. ആരുമില്ലെന്ന് ഉറപ്പിച്ച കുരുന്നു മനസുകളിലേക്ക് കരുതലിന്‍റെ തലോടലുമായി അനാഥാലയങ്ങളിലും തന്‍റെ പാട്ടുമായി പ്രിയ എത്തുന്നു. പാതവക്കില്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന അശിക്ഷിതമായ പാട്ടുപോലെയല്ല. സംഗീതമഭ്യസിച്ചിട്ടില്ലെങ്കിലും നല്ലൊരു പ്രഫഷണല്‍ ഗായികയുടെ നിലവാരമുണ്ട് പ്രിയയുടെ പാട്ടിന്. കാതടിപ്പിക്കുന്ന അടിച്ചുപൊളി പാട്ടുകള്‍ക്കല്ല, മറിച്ച് കാറ്റിനൊപ്പം മൃദുലമായി ഒഴുകിയെത്തുന്ന പഴയ കാല മെലഡി ഗാനങ്ങള്‍ക്കാണ് പ്രിയ മുന്‍തൂക്കം നല്‍കുന്നതും.