02 March, 2019 09:53:45 AM
കൊച്ചി ചെരുപ്പ് കമ്പനിയിലെ തീപിടിത്തം; കെട്ടിടം പൊളിച്ച് കളയണമെന്ന് അന്വേഷണറിപ്പോർട്ട്
കൊച്ചി: എറണാകുളത്തെ ചെരുപ്പ് കമ്പനി ഗോഡൗണിന് തീപിടിച്ച സംഭവത്തില്‍ ആറുനില കെട്ടിടം പൊളിച്ചു കളയണമെന്ന് നിര്‍ദ്ദേശിക്കുന്ന അന്വേഷണ റിപ്പോർട്ട് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം കൈമാറി. കെട്ടിടം ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും കെട്ടിടത്തിൽ അനുമതി ഇല്ലാതെ നിർമാണപ്രവർത്തനം നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതാണ് തീപിടിത്തത്തിന്‍റെ ആഘാതം കൂടാൻ കാരണമായത്.
കോട്ടയം, എറണാകുളം മേഖല ഫയർ ഓഫീസർമാരുടെ സംഘമാണ് റിപ്പോർട്ട് കൈമാറിയത്. ഇലക്ട്രിക് പാനൽ ബോർഡിൽ നിന്നാണ് തീപടർന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്. കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവർത്തനരഹിതമാണെന്ന് സൂചന കിട്ടിയ സാഹചര്യത്തിലാണ് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അന്വേഷണം തുടങ്ങിയത്. ഫാൽക്കൺ ഏജൻസിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിരുന്നു.
കമ്പനി മാനേജർമാരായ ഫിലിപ്പ് ചാക്കോ, ജോൺ എന്നിവരിൽ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി. നിർമാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗൺ പണിതതെന്ന് നഗരസഭാ മേയറും ആരോപിച്ചിരുന്നു.