28 February, 2019 09:14:13 PM


ഇലക്ട്രിക് ബസുകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കും: മന്ത്രി എ. സി മൊയ്തീന്‍




മുളന്തുരുത്തി: മാര്‍ച്ച് മാസത്തോടെ തൊഴിലുറപ്പ് മേഖലയില്‍ ഒമ്പത് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍. മുളന്തുരുത്തി ബസ് ടെര്‍മിനലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മുളന്തുരുത്തി പള്ളിത്താഴത്ത് നിര്‍മ്മിച്ചിട്ടുള്ള ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ടെര്‍മിനലിന്റെ ഒന്നാംനിലയില്‍ മുന്‍ മന്ത്രി ടി.എം ജേക്കബിന്റെ പേരില്‍ നാമകരണം ചെയ്തിരിക്കുന്ന ഹാളിന്റെ ഉദ്ഘാടനവും മന്ത്രി എ. സി മൊയ്തീന്‍ നിര്‍വ്വഹിച്ചു.

ഇലക്ട്രിക് ബസുകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതടക്കം വ്യവസായ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. റബ്ബര്‍ മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനായി കോട്ടയത്ത് റബ്ബര്‍ പാര്‍ക്ക് ആരംഭിക്കും. ചെറുകിട റബ്ബര്‍ മേഖലയിലടക്കം പാര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. നാളികേര മേഖലയുടെ ഉണര്‍വിനായി ഒരു വാര്‍ഡില്‍ 75 തെങ്ങുകള്‍ നട്ട് പരിപാലിക്കുന്നതിനുള്ള പുതിയ പദ്ധതി നടപ്പിലാക്കും. നാളികേരത്തില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കും. 

അമ്പതിനായിരം കുടുംബ ശ്രീ അംഗങ്ങള്‍ക്ക് 22 ദിവസത്തെ പരിശീലനം നല്‍കി പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ് ഉള്‍പ്പെടെ വിവിധ തൊഴില്‍ രംഗത്ത് സജീവ സാന്നിധ്യമാക്കും. അഞ്ച് ലക്ഷം പുതിയ ഭവനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമ്പോള്‍ അത് സാമ്പത്തിക രംഗത്തിന് ഊര്‍ജ്ജം പകരും. ആരോഗ്യമേഖല അടക്കം വിവിധ പൊതുമേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി കേരള മോഡല്‍ വികസന രംഗത്തെ കൂടുതല്‍ ഗുണനിലവാരമുള്ളതാക്കും. 

മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് റെഞ്ചി കുര്യന്‍ കൊള്ളിനാല്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സലോമി സൈമണ്‍,മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ സോമന്‍, വൈസ് പ്രസിഡന്‍റ് ഷാജി മാധവന്‍, മുന്‍ എം.എല്‍.എമാരായ എം. ജെ. ജേക്കബ്, വി. ജെ. പൗലോസ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുന്‍പ്രസിഡന്‍റ് എന്‍. പി. പൗലോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുധ രാജേന്ദ്രന്‍, ഇന്ദിര ധര്‍മ്മരാജന്‍, പഞ്ചായത്തംഗങ്ങളായ എ. കെ. ബാലകൃഷ്ണന്‍, ജോര്‍ജ്ജ് മാണി പട്ടച്ചേരില്‍, ശാന്ത മോഹനന്‍, പഞ്ചായത്ത് സെക്രട്ടറി സി.എസ്. ശോശാമ്മ എന്നിവര്‍ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K