23 February, 2019 11:48:58 AM


പെരിയയിൽ സംഘർഷം: എംപി ഉൾപ്പടെ സിപിഎം നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു



കാസർകോട്: പെരിയ കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. ആക്രമിക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ സിപിഎം നേതാക്കൾക്ക് നേരെ വൻ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കമായത്. എംപി പി കരുണാകരനുൾപ്പടെയുള്ളവരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെച്ചു. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. 


കല്യോട് ജംഗ്ഷനിൽ രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കൾ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് കല്യോട്ടെ സിപിഎം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ആക്രമണത്തിനിരയായ സിപിഎം പ്രവർത്തകരുടെ വീടുകളിലേക്ക് നേതാക്കൾ എത്തുമെന്ന് അറിഞ്ഞത് മുതൽ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കൾ കല്യോട് ജംഗ്ഷനിലെത്തിയതോടെ കുപിതരായ കോൺഗ്രസ് പ്രവർത്തക‌ർ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്.  


ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരൻ, ശാസ്താ ഗംഗാധരൻ എന്നിവരടക്കമുള്ളവരുടെ വീടുകളിൽ സ്ഥലം എംപി പി കരുണാകരൻ അടക്കമുള്ള സിപിഎം നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും രക്ഷിതാക്കാൾ ആരോപിച്ചിരുന്നു. ഒരു സിപിഎം പ്രവർത്തകരും തങ്ങളെ കാണാൻ വരേണ്ടെന്നും ഇവർ പറഞ്ഞിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K