23 February, 2019 11:48:22 AM


ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ വന്‍ അഗ്നിബാധ: കൊച്ചി നഗരത്തിലാകെ പുക; ജാഗ്രതയോടെ ആരോഗ്യ വകുപ്പ്



കൊച്ചി: എറണാകുളം ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ വൈറ്റില, കടവന്ത്ര, മരട്, അമ്പലമുകള്‍  പ്രദേശങ്ങളില്‍ പുക വ്യാപിച്ചു. മാലിന്യപ്ലാന്റിലെ തീ നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുള്ള പുകയാണ് നഗരത്തില്‍ പടരുന്നത്. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്.


കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം നാലുവട്ടം ഇങ്ങനെ മാലിന്യക്കൂനകൾക്ക് മേൽ തീ പടർന്നു. ഇത്തവണത്തേത് ആകട്ടെ അടുത്ത കാലത്ത് ഉണ്ടായത്തിൽ ഏറ്റവും വലുതുമായി. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ സംശയം ഉന്നയിച്ച് നഗരസഭാ മേയർ. ആസൂത്രിതമായി തീയിടുന്നതാണോയെന്ന് കണ്ടെത്താൻ അടിയന്തര അന്വേഷണം വേണമെന്ന് മേയർ സൗമിനി ജയിൻ ആവശ്യപ്പെട്ടു.


ഇങ്ങനെ അസ്വാഭാവികമായി തീ പടർന്നത് മൂലം ഫയർ എഞ്ചിനുകൾ പോലും സ്ഥലത്തേക്ക് എത്തിക്കാൻ ഏറെ പണിപ്പെട്ടു. തീ പടരുന്ന ഭാഗങ്ങളിൽ നിന്ന് മാലിന്യം കോരിമാറ്റി തീ നിയന്ത്രിക്കാൻ സാധാരണ ഉപയോഗിക്കുന്ന മണ്ണുമാന്തികൾ എത്തിക്കാനും തുടക്കത്തിൽ കഴിഞ്ഞില്ല. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം.


പ്രദേശവാസികളുടെ പേരിൽ എതിർപ്പ് ഉയർത്തുന്ന ചിലരെയാണ് സംശയം ഉന്നയിക്കുന്നവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്. കഴിഞ്ഞ തവണത്തെ തീപിടുത്തങ്ങൾക്ക് ശേഷം പോലീസിൽ പരാതി നൽകിയെങ്കിലും നടപടി നീങ്ങിയില്ലെന്ന് മേയർ പറയുന്നു. അന്വേഷണത്തിന് ഇത്തവണ ജില്ലാ കളക്ടറോടും ആവശ്യപ്പെടുന്നുണ്ട്.


ജാഗ്രതയോടെ ആരോഗ്യ വകുപ്പ്


ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച് ഉണ്ടായ പുകയിൽ നിന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സേവനം ഉറപ്പാക്കി ജില്ലയിലെ ആരോഗ്യ വകുപ്പ്. പുകശല്യം രൂക്ഷമായ 23ന് രാവിലെ തന്നെ ആംബുലൻസ് ഉൾപ്പെടെ എറണാകുളം ജനറൽ ആശുപത്രിയിലെ ആർ.ആർ.ടി ടീമിന്‍റെ സേവനം  പ്രദേശത്ത് ഉറപ്പ് വരുത്തി. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി  എന്നീ സ്ഥാപനങ്ങളിൽ നിന്നും മൊബൈൽ മെഡിക്കൽ ടീമിനെ ബ്രഹ്മപുരത്ത് നിയോഗിച്ചു. നെബുലൈസർ, ഓക്സിജൻ സിലിണ്ടർ മറ്റ് അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടാതെ നെട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ ടീം കുണ്ടന്നൂർ, മരട് പ്രദേശങ്ങളിൽ സന്ദർശനം നടത്തി. 

അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടാനായി ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം 23 മുതൽ 3 ദിവസത്തേക്ക് വൈറ്റില ഹബ്ബ്, ബ്രഹ്മപുരം പ്ലാന്റ് പരിസരം എന്നിവിടങ്ങളിൽ ആംബുലൻസ് ഉൾപ്പെടയുള്ള മെഡിക്കൽ ടീമിനെ സജ്ജമാക്കി. എറണാകുളം ജനറൽ ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, കാക്കനാട് കുടംബാരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K