20 February, 2019 09:10:01 PM


സർക്കാർ റീ ബിൽഡ് ചെയ്തത് വീട് മാത്രമല്ല; ഇരട്ട സഹോദരിമാരുടെ സ്നേഹവും



കൊച്ചി: കുന്നുകര പഞ്ചായത്തിലെ വയൽക്കരയിൽ കടവനപ്പറമ്പത്ത് രമാദേവി കൈ കൂപ്പി സർക്കാരിനൊരു നന്ദി അറിയിക്കുന്നുണ്ട്. പ്രളയം തകർത്ത വീട് നിർമ്മിച്ചു നൽകിയതിനു മാത്രമല്ല, പ്രളയം വേർപെടുത്തിയ സഹോദരിയെ ഒപ്പം ചേർത്തതിനും കൂടിയാണത്. 

ഇരട്ട സഹോദരിമാരായ സുമയും രമയും വർഷങ്ങളായി ഒരുമിച്ചാണ് താമസം. വിവാഹം കഴിച്ചവരെങ്കിലും സുമയുടെ ഭർത്താവ് നേരെത്തേ മരിച്ചു. രമയുടെ ഭർത്താവ് ഉപേക്ഷിച്ചും പോയി. ജന്മം കൊണ്ടു തന്നെ ഒന്നിച്ചുള്ള ഇവർ പിന്നീടുള്ള ജീവിതവും ഒന്നിച്ചായി. സ്വകാര്യ കമ്പനിയിൽ ജോലിയുള്ള രമയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞത്. ഏതു നിമിഷവും നിലംപതിച്ചേക്കാവുന്ന വീട്ടിലായിരുന്നു താമസം. മേൽക്കൂരയിൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടാതെ കാലവർഷം മറികടക്കാൻ പറ്റാത്ത അവസ്ഥ. പത്തു വർഷത്തിലധികമായി ഇവിടെയായിരുന്നു കഴിച്ചുകൂട്ടിയത്. ഇതിനിടയിൽ പ്രളയം വന്ന് സർവ്വതും നശിപ്പിച്ചു.

വീട് തകർന്നതോടെ രണ്ടു പേരും രണ്ടിടത്ത്. രമ പെരുമ്പാവൂരുള്ള ബന്ധുവിന്‍റെ വീട്ടിലും സുമ വയൽക്കരയിൽ തന്നെ മറ്റൊരു വീട്ടിലും. സ്വന്തമായി വീടില്ലാതെ ഒരുമിച്ചു താമസിക്കാൻ പറ്റാത്ത അവസ്ഥ. മനസിൽ ദു:ഖം അടക്കി കഴിയുമ്പോഴാണ് പ്രളയത്തിൽ പൂർണമായും തകർന്ന വീട്ടുടമസ്ഥരുടെ പേരിൽ രമയും പെട്ടത്. പിന്നീട് വീടുപണികളെല്ലാം പെട്ടെന്നായിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് വീടിന് തറക്കല്ലിട്ടു. മേൽക്കൂരയുടെ കോൺക്രീറ്റും പൂർത്തിയായി. ഉദ്യോഗസ്ഥർ വീടുപണിയുടെ ഓരോ ഘട്ടത്തിലും വേണ്ട നിർദ്ദേശങ്ങൾ നൽകി സഹായിച്ചു.

നാല് ലക്ഷം രൂപയുടെ അവസാന ഗഡുവായ 153000 രൂപയും ബാങ്കിലെത്തിയിട്ടുണ്ട്. അതു കൊണ്ട് കുറച്ചു പണികൾ കൂടി ബാക്കി ചെയ്യാനുണ്ട്. അതും ഉടൻ പൂർത്തിയാക്കിട്ടു വേണം ഇവർക്ക് താമസം തുടങ്ങാൻ. വീട് കിട്ടിയതിൽ സംസ്ഥാന സർക്കാരിനോടുള്ള നന്ദി ഇവർ മറച്ചുവയ്ക്കുന്നില്ല. "വർഷങ്ങളായി സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചത്. ഇപ്പോൾ സുരക്ഷിതമായ വീട്ടിൽ കഴിയുമ്പോൾ സർക്കാരിനോടുള്ള നന്ദി വളരെ വലുതാണ് " - രമ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K