05 February, 2019 12:44:35 PM
നെറ്റിപ്പട്ടം നിര്‍മ്മാണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച് കോട്ടയം നീറിക്കാട് സ്വദേശിനി ജിഷ ഹരീഷ്
വിഷ്ണു വേണുഗോപാല്‍ -
കോട്ടയം: നെറ്റിപ്പട്ടം നിര്‍മ്മാണത്തിലൂടെ സ്വയം തൊഴില്‍ കണ്ടെത്താനുളള ശ്രമത്തിലാണ് നീറിക്കാട് വാഴൂപറമ്പില്‍ ഹരീഷിന്‍റെ ഭാര്യയായ ജിഷ. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയതിനുശേഷം വ്യത്യസ്ഥമായി എന്തങ്കിലും ചെയ്യുന്നതിന്‍റെ ഭാഗമായിട്ടാണ് കോട്ടയം ആര്‍എസ്ഇറ്റിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ജിഷ നെറ്റിപ്പട്ട നിര്‍മ്മാണത്തിനുളള പരിശീലനം നേടിയത്. 10 ദിവസത്തെ ക്ലാസ്സിലൂടെയാണ് പരിശീലനം ലഭിച്ചത്. ആകര്‍ഷകമായ നെറ്റിപ്പട്ടം നിര്‍മ്മിക്കുന്നതിനൊപ്പം ഇതൊരു വരുമാന മാര്‍ഗ്ഗമായിട്ടും കൂടിയാണ് ജിഷ കാണുന്നത്. 6 മാസം കൊണ്ട് 45 ഓളം നെറ്റിപ്പട്ടങ്ങള്‍ ജിഷ നിര്‍മ്മിച്ചു കഴിഞ്ഞു.
സുഹൃത്തുക്കള്‍ വഴിയാണ് നെറ്റിപ്പട്ടങ്ങളുടെ വിപണനം ആരംഭിച്ചത്. ഇപ്പോള്‍ ധാരാളം പേര്‍ വീടുകളിലേക്കും അമ്പലങ്ങളിലേക്കുമായി നെറ്റിപ്പട്ടത്തിനായി സമീപിക്കാറുണ്ടെന്നും ജിഷ കൈരളി ന്യൂസിനോട് പറഞ്ഞു. 1 അടി മുതല്‍ 5.5 അടി വരെയുളള നെറ്റിപ്പട്ടങ്ങളാണ് സാധാരണയായി നിര്‍മ്മിക്കുന്നത്. 500 രൂപ മുതല്‍ 10,000 രൂപ വരെയാണ് വില. സാധാരണയായി 1 അടി മുതല്‍ 3.5 അടി വരെയുളള നെറ്റിപ്പട്ടങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ എന്ന് ജിഷ പറഞ്ഞു. അമ്പലങ്ങളിലേക്ക് 5.5 അടിയുടെ നെറ്റിപ്പട്ടങ്ങളാണ് വാങ്ങാറുളളത്.
ഭര്‍ത്താവ് ഹരീഷിന് ഫ്ലോറിംഗ് വര്‍ക്കാണ്. വീട്ടില്‍ എല്ലാവരും നല്ല പ്രോത്സാഹനമാണ് തരുന്നത്. നെറ്റിപ്പട്ടം കൂടാതെ ആലവട്ടവും വെഞ്ചാമരവും നിര്‍മ്മിക്കുന്നതിനുളള പരിശീലനം ആരംഭിച്ചുണ്ടെന്നും ജിഷ കൂട്ടിച്ചേര്‍ത്തു. നഴ്സാണെങ്കിലും ഇപ്പോള്‍ നെറ്റിപ്പട്ട നിര്‍മ്മാണത്തില്‍ ശ്രദ്ധ കൊടുക്കാനും മുന്നോട്ട് പോകുവാനുമാണ് ജിഷയുടെ തീരുമാനം.