25 January, 2019 06:10:39 PM


പ്രധാനമന്ത്രി നരേന്ദ്ര മോദി 27 ന് കൊച്ചിയില്‍; നഗരത്തിലാകെ ഗതാഗത നിയന്ത്രണം



കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി 27 ന്  കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 1.55 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.  റിഫൈനറിയുടെ  മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഉച്ചയ്ക്ക് 2.35-ന് റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്‍റെ ഇന്‍റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സ് നാടിന് സമര്‍പ്പിക്കുകയും ചെയ്യും.  പുതിയ പെട്രോ കെമിക്കല്‍ കോപഌക്‌സിന്റെയും, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്‍റിന്‍റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം  എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും.

തുടര്‍ന്ന് പ്രധാനമന്ത്രി സംസാരിക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പ്രവേശനം. ഇവര്‍ക്ക് പ്രത്യേക പാസ് മൂലമാണ് പ്രവേശനം. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂര്‍ക്ക് തിരിക്കും. തിരികെ 5.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് പോകും. 
കര്‍ശന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കുന്നത്. അതിഥികള്‍ വേദിയിലേക്ക് കാറിന്‍റെ  റിമോട്ട് കണ്‍ട്രോള്‍ താക്കോലുകള്‍ കൊണ്ടുവരരുത്.  അവ പ്രവേശന കവാടത്തിലെ ക്‌ളോക്ക് റൂമില്‍ എല്പിക്കേണ്ടതാണ്. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം എസ്പിജി ഐജി അലോക് ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്നു. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡിസിപി ഡോ ജെ ഹിമേന്ദ്രനാഥ്, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സി ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഫയര്‍ ഫോഴ്‌സ,് സിഐഎസ്എഫ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രധാനമന്തിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക്ക് ഈസ്റ്റ് സബ്ബ് ഡിവിഷന്‍ പരിധിയില്‍ അന്നേ ദിവസം താഴെപ്പറയുന്ന പ്രകാരമുളള ഗതാഗത നിയന്ത്രണം  ഉണ്ടായിരിക്കുന്നതാണ്.

കാക്കനാട് സിഗ്നല്‍ ജംഗ്ഷന്‍ ഭാഗത്ത് നിന്നും ഇരുമ്പനം, ത്യപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന സീപോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ ഗതാഗത നിയന്ത്രണമുളളതിനാല്‍ കളമശ്ശേരി, കാക്കനാട് എന്നീ ഭാഗങ്ങളില്‍ നിന്നും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി ത്യപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാക്കനാട് സിഗ്നല്‍ ജംഗ്ഷനില്‍ നിന്നും പാലാരിവട്ടം ബൈപ്പാസില്‍ എത്തിയാത്ര തുടരേണ്ടതാണ്.
കാക്കനാട് പാര്‍ക്ക് റെസിഡന്‍സി ഹോട്ടലിന് മുന്നിലുളള റോഡിലുടെ യാത്ര ചെയ്യുവാന്‍ ഉദ്ദ്യേശിക്കുന്നവര്‍ കാക്കനാട് സിഗ്നല്‍ ജംഗ്ഷനില്‍ നിന്നും പാലാരിവട്ടം ബൈപ്പാസില്‍ എത്തി യാത്ര തുടരേണ്ടതാണ്.
കരിമുകള്‍ ജംഗ്ഷനില്‍ നിന്നും അമ്പലമുകള്‍ ഭാഗത്തേയ്ക്ക് ഗതാഗത നിയന്ത്രണമുളളതിനാല്‍ ആലുവ, പെരുമ്പാവൂര്‍, വണ്ടര്‍ലാ, പളളിക്കര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കരിമുകള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങച്ചിറ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും പുത്തന്‍കുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരേണ്ടതാണ്.
പുത്തന്‍കുരിശ് ജംഗ്ഷനില്‍ നിന്നും പീച്ചിങ്ങച്ചിറ, കരിമുകള്‍ ഭാഗത്തേക്ക്‌ വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
ഹില്‍പാലസിന് മുന്നില്‍ നിന്നും അമ്പലമുകള്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
കരിങ്ങാച്ചിറ ജംഗ്ഷനില്‍ നിന്നും ഇരുമ്പനം ജംഗ്ഷന്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
എരൂര്‍ ഭാഗത്ത് നിന്നും ഇരുമ്പനം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എരൂര്‍ ഭാഗത്ത് നിന്ന് എസ്.എന്‍. ജംഗ്ഷനിലേക്ക് വരുന്നവര്‍ എസ്.എന്‍. ജംഗ്ഷനില്‍ നിന്നും നേരെ കിഴക്കേകോട്ട ജംഗ്ഷനില്‍ എത്തി യാത്ര തുടരേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K