25 January, 2019 06:01:59 PM
വോട്ടിംഗ് യന്ത്രം പരിചയപ്പെട്ട് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍
കൊച്ചി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടാനായതിന്‍റെ സന്തോഷത്തിലാണ് മഹാരാജാസ് കോളേജിലെ നവവോട്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍. 18 വയസ്സ് പൂര്‍ത്തിയായി വരാനിരിക്കുന്ന ഇലക്ഷനെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം ആവേശത്തോടെയാണ് ട്രയല്‍ വോട്ട് ചെയ്തത്. ട്രയല്‍ വോട്ട് ചെയ്ത് ചൂണ്ടു വിരലില്‍ കറുത്ത മാര്‍ക്ക് രേഖപ്പെടുത്തിയപ്പോള്‍ കുട്ടികളുടെ മുഖത്ത് ഇലക്ഷന് മുന്നേ ആദ്യവോട്ട് രേഖപ്പെടുത്തിയതിന്‍റെ തിളക്കമാണ്. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മഹാരാജാസ് കോളേജില്‍ വെച്ച് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് കുട്ടികള്‍ക്ക് ഇത്തരമൊരു അവസരം നല്‍കിയത്.
അച്ഛനും അമ്മയും വോട്ട് ചെയ്ത് കൈയ്യില്‍ ഒരു രേഖയുമായി വീട്ടിലെത്തുന്നത് മുതല്‍ തന്‍റെ ആഗ്രഹമായിരുന്നു പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇത് പോലെ വോട്ട് ചെയ്യണമെന്നത് എന്ന് പറയുമ്പോള്‍ എംഎസ് സി ബോട്ടണി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അമൃതയുടെ മുഖത്ത് നിറയുന്ന സന്തോഷത്തിന് അതിരില്ല. ആദ്യ സമ്മതിദായക അവകാശം രേഖപ്പെടുത്തിയതിന്‍റെ സന്തോഷത്തിലാണ് മുഹമ്മദും, നൗഫലും, പൗര്‍ണമിയും, രാധികയും പോലെ മഹാരാജാസിലെ മറ്റ് വിദ്യാര്‍ത്ഥികളും.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്‍റെ സാങ്കേതിക സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തി. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും ഉപയോഗിക്കാന്‍ പോകുന്ന വിവിപാറ്റ് സംവിധാനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തെക്കുറിച്ച് പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആക്ഷേപങ്ങളെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും പരിപാടിയില്‍ മറുപടി നല്‍കി. വോട്ടിങ് യന്ത്രത്തിലെ സെവണ്‍ എ സംവിധാനവും വിദ്യാര്‍ത്ഥികള്‍ക്ക് ്പരിചയപ്പെടുത്തി.
മഹാരാജാസ് കോളേജ് ഫിസിക്‌സ് ഗാലറിയില്‍ വച്ച് നടന്ന പരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അസംബഌ മണ്ഡലങ്ങളില്‍ എറ്റവും കുറവ് വോട്ടിങ് ശതമാനം എറണാകുളം സിറ്റിയിലാണെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാസമ്പന്നരായ യുവാക്കള്‍ രാഷ്ട്രനിര്‍മാണ പ്രക്രിയയിലും ജനാധിപത്യ പ്രക്രിയയിലും സജീവമായി പങ്കെടുക്കണം. ഇലകട്രോണിക് വോട്ടിങ് മെഷീനെതിരെ അടിസ്ഥാനമില്ലാത്ത പല ആരോപണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അവ നമ്മുടെ ജനാധിപത്യപ്രക്രിയയെ തളര്‍ത്താന്‍ ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും അതനുവദിച്ചുകൂടെന്നും കളക്ടര്‍ പറഞ്ഞു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ദിനേശ് കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവവോട്ടര്‍മാര്‍ക്കുള്ള വോട്ടര്‍ ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പാര്‍വതി ഉണ്ണിക്കൃഷ്ണന് നല്‍കി നിര്‍വഹിച്ചു. ഇലക്‌ടോറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും കണയന്നൂര്‍ താലൂക്ക് തഹസില്‍ദാറുമായ പി ആര്‍ രാധിക, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ എന്‍ കൃഷ്ണകുമാര്‍, അബ്ദുല്‍ ജബ്ബാര്‍ തിരഞ്ഞെടുപ്പ് വിഭാഗം) ബീന ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.