24 January, 2019 05:48:58 PM
മത്സ്യത്തൊഴിലാളികള്‍ക്കായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും സുരക്ഷാ സ്‌ക്വാഡും
കൊച്ചി: ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നു. 36 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂരത്തില്‍ മത്സ്യബന്ധനത്തിനു പോകുന്ന തെരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പരമ്പരാഗത മത്‌സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും. ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 36 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും കേരള സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്തിയതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. (മെക്കനൈസ്ഡ് വിഭാഗത്തിന് മത്സ്യത്തൊഴിലാളി അംഗത്വം നിര്‍ബന്ധമല്ല). അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 8 വൈകുന്നേരം 5 മണി വരെ അതത് ഓഫീസുകളില്‍ സ്വീകരിക്കും.
കൂടാതെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഈ ഉപകരണത്തിന്‍റെ സഹായത്തോടെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 1500 കി.മീ. പരിധിക്കുള്ളില്‍ വരെ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുന്നതിനും അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യലഭ്യത പ്രദേശം മുതലായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയും. നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 12 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും രജിസ്‌ട്രേഷനും ലൈസന്‍സും ഉള്ളതുമായ മത്സ്യബന്ധനയാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചുവരെ അതത് ആഫീസുകളില്‍ സ്വീകരിക്കും.