12 January, 2019 09:44:41 PM


ഏഴര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാഴികള്‍ പെരുമ്പാവൂരില്‍ പിടിയില്‍




പെരുമ്പാവൂര്‍: ഏഴര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാഴികള്‍ പോലീസ് പിടിയില്‍.  പൊതു വിപണിയില്‍ രണ്ട് ലക്ഷത്തോളം വില മതിക്കുന്ന ഏഴര കിലോ നീല ചടയന്‍ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ തൂഫാന്‍ നായിക് (36), കാലിയ (26) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നിന്നും ചാരന്മാരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് കഞ്ചാവ് കടത്തുന്ന സംഘത്തെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്താലാണ് അറസ്റ്റ് ചെയ്തതും ഏഴര കിലോ കഞ്ചാവ് കണ്ടെത്തിയതും.


കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കഞ്ചാവെത്തിക്കുന്നവരില്‍ പ്രധാനിയായ "തൂഫാന്‍ നായിക്" ഇതുവരെ 500 കിലോയിലധികം കഞ്ചാവ് കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളും ഇവരുടെ കസ്റ്റമേഴ്സ് ആണ്. മുന്തിയ ഇനം കഞ്ചാവ് താരതമ്യേന വിലകുറച്ച് ലഭിക്കുന്നതിനാല്‍ ഇവരുടെ കഞ്ചാവിന് ആവശ്യക്കാര്‍ ഏറെയാണ്. പ്രത്യേക തരം പാക്കിങ്ങില്‍ ട്രെയിനില്‍ എത്തിച്ച ഉടന്‍ തന്നെ വില്‍പ്പന നടത്തുന്നതിനാല്‍ ഇതു വരെ ഇവരെ പിടികൂടുവാന്‍ പോലീസിന് സാധിച്ചിരുന്നില്ല.


പെരുമ്പാവൂര്‍ മഞ്ഞപെട്ടിയില്‍ പത്ത് വര്‍ഷത്തോളമായി ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ ഹോട്ടല്‍ ബിസിനസിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത് രണ്ട് മാസം മുമ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് 4 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ആ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.



സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലമായ പെരുമ്പാവൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും ഹാഷിഷ് ഓയിലും ബ്രൌണ്‍ ഷുഗറും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വന്‍തോതില്‍ പിടികൂടുന്നതിന് പെരുമ്പാവൂര്‍ പോലീസിന് സാധിച്ചിട്ടുണ്ട്. 2017 ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായ 117 കിലോ കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസുകളും 2018 ല്‍ 125 ഓളം കേസുകളിലായി 175 ഓളം പ്രതികളെയും 10 കിലോയ്ക്ക് മുകളില്‍ കഞ്ചാവും 2 കിലോ ഹാഷിഷ് ഓയിലും 20 ഗ്രാം ബ്രൌണ്‍ ഷുഗറും രണ്ട് ലക്ഷത്തിനു മുകളില്‍ പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പെരുമ്പാവൂര്‍ പോലീസ് പിടികൂടിയിരുന്നു.


പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇതര സംസ്ഥാനക്കാരായ മറ്റ് കഞ്ചാവ് വിതരണക്കാരെക്കുറിച്ചും ഒഡീഷ സംസ്ഥാനത്തിന്‍റെ വനമേഖലയില്‍ ആദിവാസി ഗോത്ര വിഭാഗങ്ങളെ സ്വാധീനിച്ച് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം വനാന്തരങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി കേരള ആന്‍റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങളായ എഎസ്ഐ  രാജേന്ദ്രനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി കെ വിനോദും പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി വേണുപെരുമ്പാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം ബൈജു പൌലോസ്, എസ് ഐ മാരായ റ്റി എം സൂഫി, കെ പി എല്‍ ദോസ്, ജയകുമാരന്‍ നായര്‍, എഎസ്ഐ ഫൈസല്‍, എ എസ് ഐ രാജേന്ദ്രന്‍, എസ് ഇ പി ഒ ദിലീപ്, രാജീവ്, വിനോദ് വി കെ, സി പി ഒ മാരായ പ്രിജിത്ത്, സുബൈര്‍, ഷര്‍ണാസ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K