12 January, 2019 03:57:50 PM
മിന്നുകെട്ടില്ല, പൂമാലയിട്ട് വിവാഹം ; കൊട്ടും കുരവയ്ക്കും പകരം ഉള്ളൂരിന്‍റെ പ്രേമസംഗീതം
- സ്വന്തം ലേഖകന്‍
കോട്ടയം: മിന്നുകെട്ടും ആര്‍ഭാടങ്ങളും ഇല്ലാതെ കവിതയുടെ അകമ്പടിയോടെ ഒരു വിവാഹം. കതിര്‍മണ്ഡപമോ വൈദികരോ ആടയാഭരണങ്ങളോ ഇല്ലാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഉദയരവിയും അഡ്വ ഡെല്ലയും പരസ്പരം പൂമാലകള്‍ ചാര്‍ത്തി നവജീവിതത്തിലേക്ക് കാലൂന്നി. കോട്ടയം തിരുവാതുക്കല്‍ ഡോ.എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ മുനിസിപ്പല്‍ ടൌണ്‍ ഹാളിലായിരുന്നു തികച്ചും വ്യത്യസ്തമായ ഈ കല്യാണം ശനിയാഴ്ച നടന്നത്.
കോട്ടയം ബാറിലെ അഭിഭാഷകയായ അഡ്വ.ഡെല്ലാ എബ്രഹാമിനെയാണ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനും പത്രപ്രവര്‍ത്തകനുമായ ഉദയരവി ജാതിമതചിന്തകള്‍ വെടിഞ്ഞ് തന്‍റെ ജീവിതസഖിയാക്കിയത്. മിന്നുകെട്ടി ബാന്ധവം നടത്തുകയല്ല, മറിച്ച് ജീവിതപങ്കാളികളാവുകയാണ് എന്ന കാഴ്ചപ്പാടിലായിരുന്നു ഇരുവരുടെയും വിവാഹം. കൊട്ടും കുരവയും പ്രാര്‍ത്ഥനയും ഒന്നുമില്ലാതെ നടന്ന ചടങ്ങിന് അകമ്പടിയായി ഉള്ളൂരിന്‍റെ പ്രേമസംഗീതം കവിത സദസില്‍ ഒഴുകിയെത്തി. ഡെല്ലയുടെ പിതാവിന്‍റെ സുഹൃത്തും ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന തുളസീദാസാണ് കവിത ആലപിച്ചത്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന തിരുവാതുക്കല്‍ യോബല്‍ വീട്ടില്‍ ജെ. എബ്രഹാമിന്‍റെയും സംസ്ഥാന ഫോറസ്റ്റ് ഡവലപ്‌മെന്‍റ് കോര്‍പ്പറേഷനില്‍ സീനിയര്‍ സൂപ്രണ്ടായ ആലിസ് മാമ്മന്‍റെയും രണ്ട് മക്കളില്‍ ഇളയവളാണ് അഡ്വ.ഡെല്ല. സിനിമാട്ടോഗ്രാഫറായ വെള്ളത്തൂവല്‍ സാവേരിയില്‍ ഹരിപ്രസാദിന്‍റെയും നോവലിസ്റ്റ് ഉഷാകുമാരിയുടെയും ഏകമകനാണ് ഉദയരവി. "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് വിശ്വസിക്കുന്ന ഇരു കുടുംബങ്ങളും തങ്ങളുടെ മക്കളുടെ സര്‍ട്ടിഫിക്കറ്റുകളിലും ജാതി രേഖപ്പെടുത്തിയിട്ടില്ല. എബ്രാഹം മതത്തിന് പുറത്ത് വന്ന് അമ്പതാം വാര്‍ഷികത്തില്‍ നടന്ന മകള്‍ ഡെല്ലയുടെ വിഹാഹത്തിന് പ്രത്യേകതകളേറെ.
1988ല്‍ ഒരു തെങ്ങുംതോപ്പില്‍ സുഹൃത്തുക്കളെ വിളിച്ചു കൂട്ടി അവരുടെ സാന്നിദ്ധ്യത്തിലാണ് എബ്രഹാം ആലീസിനെ ജീവിതപങ്കാളിയാക്കിയത്. അതും ഒരു മാല മാത്രം ചാര്‍ത്തി. തന്‍റെ പത്താം വയസില്‍ മതം ഉപേക്ഷിച്ച എബ്രഹാം പതിനേഴ് വയസില്‍ തന്‍റെ കുടുംബാംഗങ്ങളെ മുഴുവന്‍ ക്രിസ്തീയ സമുദായത്തിന് വെളിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവരുടെ കുടുംബത്തില്‍ നടന്ന എല്ലാ വിവാഹങ്ങളും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മിന്നുകെട്ടില്ലാതെയായിരുന്നു. അച്ഛനും അമ്മയും ഉള്‍പ്പെടെ മരണപ്പെട്ട എല്ലാവരെയും വീട്ടുവളപ്പിലാണ് സംസ്കരിച്ചതും.
ഡെല്ലയുടെ സഹോദരിയും എഞ്ചിനീയറുമായ യാര എബ്രഹാമിന്‍റെയും അധ്യാപകനായ ഇരിങ്ങാലകുട സ്വദേശി അനൂപിന്‍റെയും വിവാഹം 30 ദിവസത്തെ നോട്ടീസ് നല്‍കി രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിലായിരുന്നു നടന്നത്. ഡെല്ലയുടെ വിവാഹത്തിന് നോട്ടീസ് നല്‍കിയെങ്കിലും ചില സാങ്കേതികപ്രശ്‌നങ്ങളാല്‍ നേരത്തെ നിശ്ചയിച്ച വിവാഹതീയതിയായ ശനിയാഴ്ച 30 ദിവസം തികഞ്ഞിരുന്നില്ല. നോട്ടീസ് തീയതി മുതല്‍ 30 ദിവസം കഴിഞ്ഞ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് വധുവരന്മാര്‍ തീരുമാനിച്ചിരിക്കുന്നത്.