11 January, 2019 07:33:19 PM
നാദാപുരം കല്ലാച്ചിയിലെ ജ്വല്ലറി കവർച്ച കേസില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ അറസ്റ്റിൽ
കോഴിക്കോട്: നാദാപുരം കല്ലാച്ചി ജ്വല്ലറി കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. അന്തർ സംസ്ഥാന കവർച്ച സംഘത്തിലെ മൂന്ന് പേരാണ് നാദാപുരം പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം വളാഞ്ചേരിയിൽ നിന്നാണ് തമിഴ്നാട് സ്വദേശികളായ അഞ്ചുപുലി, സൂര്യ, രാജ എന്നിവരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ നാലിന് പുലർച്ചെയാണ് കല്ലാച്ചിയിലെ റിൻസി ജ്വല്ലറി കുത്തി തുറന്ന് ഒന്നര കിലോ സ്വർണവും ആറ് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ചത്.
സംഭവത്തിന് പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കവർച്ചാ സംഘമാണെന്ന് നേരത്തെ പൊലീസിന് സൂചന കിട്ടിയിരുന്നു. കണ്ണൂർ ജില്ലയിലെ സമാനമായ കവർച്ചാ കേസിൽ പിടിയിലായ പ്രതികളിൽ നിന്നാണ് അന്തർ സംസ്ഥാന മോഷണ സംഘത്തിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. രണ്ടാഴ്ചയായി നാദാപുരം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. കവർച്ചാ മുതൽ വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.
ജ്വല്ലറിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളും പ്രതികളെ പിടികൂടുന്നതിൽ നിർണായകമായി. ഒരു മാസത്തിനുള്ളിൽ കവർച്ചാ സംഘത്തെ പിടിക്കാനായതിൽ കോഴിക്കോട് റൂറൽ എസ്പി അന്വേഷണ സംഘത്തിന് പാരിതോഷികം പ്രഖ്യാപിച്ചു. കേസിൽ കൂടുതൽ പേർ വരും ദിവസങ്ങളിൽ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു. ഇവരെ അടുത്ത ദിവസം കോടതിയിൽ കോടതിയിൽ ഹാജരാക്കും.