10 January, 2019 08:12:37 PM
സ്ത്രീശാക്തീകരണരംഗത്ത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം - മന്ത്രി മേഴ്സിക്കുട്ടിയമ്മ
ഏറ്റുമാനൂര്‍: സ്ത്രീശാക്തീകരണരംഗത്ത് രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും അതില്‍ അഭിമാനകരമായ ചുവടുവെയ്പാണ് ഏറ്റുമാനൂര്‍ നഗരസഭയുടേതെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലേയക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉയരേണ്ടതിന്‍റെ ആവശ്യകതയും മന്ത്രി ചൂണ്ടികാട്ടി. സംസ്ഥാനത്ത് നഗരസഭാ തലത്തില്‍ ആദ്യമായി ആരംഭിച്ച വനിതാ റിസോഴ്സ് സെന്‍റര്‍ ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗപ്രതിരോധത്തിലൂന്നിയുള്ള ആരോഗ്യനയത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും വനിതകള്‍ കുടുംബശ്രി ജന്‍ഡര്‍ റിസോഴ്‌സ് സെന്‍ററിലുള്ള വ്യായാമ പരിശീലന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ കായിക-മാനസിക ഉല്ലാസവും ആരോഗ്യ സുരക്ഷ, വ്യക്തിത്വവികാസം, സ്വയം പ്രതിരോധശേഷി തുടങ്ങിയവയും ലക്ഷ്യമിട്ട് ജിംനേഷ്യം, യോഗ, കരാട്ടേ, ആയോധനകലകളുടെ പരിശീലനം, കൌണ്‍സിലിംഗ് എന്നീ സൌകര്യങ്ങളാണ് സെന്‍ററില്‍ ഒരുക്കിയിരിക്കുന്നത്.
അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു. പിഎംഎവൈ - ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 101 വീടുകളുടെ താക്കോല്‍ ദാനത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഡിസംബര്‍ മാസത്തില്‍ തന്നെ പദ്ധതി വിഹിതത്തിന്‍റെ 50 ശതമാനവും പൂര്‍ത്തികരിച്ച് നഗരസഭകള്‍ മാതൃകയായിയെന്നും മന്ത്രി ചൂണ്ടികാട്ടി. സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാവുന്ന രീതിയില്‍ കൃഷിചെയ്യാവുന്ന ഹൈബ്രിഡ് കശുമാവ് തൈകള്‍ കേന്ദ്രകാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നിന്നും ഏറ്റുമാനൂര്‍ നഗരസഭവഴി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ സൂസന്‍ തോമസ്, പി.എസ്.വിനോദ്, വിജി ഫ്രാന്‍സിസ്, ആര്‍.ഗണേശ്, മൂന്‍ നഗരസഭാ ചെയര്‍മാന്‍മാരായ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ , ജോയ് മന്നാമല. കോട്ടയം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.സുരേഷ്, അഡ്വ.വി.ജയപ്രകാശ്, കൌണ്‍സിലര്‍ ബോബന്‍ ദേവസ്യ, ജോര്‍ജ് പുല്ലാട്ട്, സിഡിഎസ് ചെയര്‍പേഴ്സണ്‍ പുഷ്പ വിജയകുമാര്‍, സെക്രട്ടറി വൃജ എന്‍.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.