09 January, 2019 05:23:11 PM


വനിതാ - ശിശു സൗഹൃദ നഗരസഭയായി ഏറ്റുമാനൂര്‍ മാതൃകയാകുന്നു

101 ഭവനങ്ങളുടെ താക്കോല്‍ദാനം വ്യാഴാഴ്ച



ഏറ്റുമാനൂര്‍: വനിതാ - ശിശു സൗഹൃദനഗരസഭയെന്ന നിലയില്‍ ഏറ്റുമാനൂര്‍ സംസ്ഥാനത്തിന് മാതൃകയാകാനൊരുങ്ങുന്നു. വനിതകളുടെയും പെണ്‍കുട്ടികളുടെയും ക്ഷേമവും വ്യക്തിത്വവികാസവും ഒപ്പം സ്വരക്ഷയും മുന്‍നിര്‍ത്തിയുള്ള പദ്ധതിയ്ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. കേരളത്തില്‍ ഇതിന് മുമ്പ് ജന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളുടെ പരിപൂര്‍ണ്ണ ശാക്തീകരണം ലക്ഷ്യമിട്ട് വിപുലമായ രീതിയിലുള്ള കേന്ദ്രം ആദ്യമാണത്രേ. ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസിനോട് ചേര്‍ന്നുള്ള കുടുംബശ്രീ മന്ദിരത്തില്‍ ഇതിനായി സ്ത്രീ- ശിശു വിഭവകേന്ദ്രം തയ്യാറായികഴിഞ്ഞു. 


വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ മാനസികമായും ശാരീരികമായും സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രാപ്തരാക്കിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏറ്റുമാനൂരില്‍ ആരംഭിക്കുന്ന ജന്‍ഡര്‍ റിസോഴ്സ് സെന്‍ററില്‍ ഫിറ്റ്നസ് സെന്‍റര്‍, യോഗാ പരിശീലനം, ആയോധനകലകളില്‍ പരിശീലനം, പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും കൗണ്‍സിലിംഗ്, ലൈബ്രറി എന്നീ സംവിധാനങ്ങളാണ് തുടക്കത്തിലുള്ളത്. കുടുംബശ്രീ മന്ദിരത്തിന്‍റെ ഒന്നാം നിലയില്‍ ഫിറ്റ്നസ് സെന്‍ററും ലൈബ്രറിയും പ്രവര്‍ത്തിക്കും. യോഗാ, ആയോധനകല തുടങ്ങിയ പരിശീലനങ്ങള്‍ക്കായി മുകളിലത്തെ നിലയില്‍ പ്രത്യേകം ഹാള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങിനിന്ന് യോഗാപരിശീലനം എന്ന ഉദ്ദേശത്തോടെ വിവിധ തരത്തിലുള്ള സസ്യങ്ങളും ചെടികളും ഹാളില്‍ ക്രമീകരിച്ചിട്ടുണ്ട്.



സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ പ്രായമായവര്‍ വരെ ചതിക്കുഴികളില്‍ പെടുന്ന ഈ കാലത്ത് ഇവര്‍ക്കായി പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നത് പദ്ധതിയുടെ പ്രഥമലക്ഷ്യമാണെന്ന് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസ് പറഞ്ഞു. ഇതിനായി അഭിഭാഷകന്‍, ഡോക്ടര്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജന്‍ഡര്‍ കോ - ഓര്‍ഡിനേഷന്‍ കമ്മറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. വിദഗ്ധരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണക്ലാസുകളും സംഘടിപ്പിക്കും. ‍  


കോട്ടയം ജില്ലയിലെ തന്നെ ആദ്യ ജന്‍ഡര്‍ റിസോഴ്സ് സെന്‍ററാണ് ഏറ്റുമാനൂരിലേത്. 25.5 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. ഫിറ്റ്നസ് സെന്‍ററില്‍  സ്ത്രീകള്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥിനികള്‍ക്ക് 100 രൂപയും ആയിരിക്കും ആറ് മാസത്തേക്ക് രജിസ്ട്രേഷന്‍ ഫീസ്. മാസം തോറും യഥാക്രമം 300 ഉം 100ഉം വീതം ഫീസ് വേറെയുമുണ്ടാകും. അതേസമയം യോഗ, ആയോധനകല തുടങ്ങിയവയിലുള്ള പരിശീലനം സൗജന്യമായിരിക്കും. വിദ്യാര്‍ത്ഥിനികളുടെയും വീട്ടമ്മമാരുടെയും സൗകര്യമനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കും. വ്യാഴാഴ്ച വൈകിട്ട് 3.30ന് മന്ത്രി മേഴ്സികുട്ടിയമ്മയാണ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുക. ലൈഫ് പദ്ധതിപ്രകാരം നിര്‍മ്മിച്ച 101 വീടുകളുടെ താക്കോല്‍ ദാനവും നാളെ നടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K