09 January, 2019 05:05:46 PM


സര്‍ഫാസി നിയമം: നിയമസഭ അഡ്‌ഹോക്ക് കമ്മിറ്റി ജനുവരി 15ന് എറണാകുളം ഗസ്റ്റ് ഹൗസില്‍




കൊച്ചി: സര്‍ഫാസി നിയമം മൂലം സംസ്ഥാനത്തുള്ള ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി എസ് ശര്‍മ എംഎല്‍എ ചെയര്‍മാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റി ജനുവരി 15ന് രാവിലെ 10ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. 10.30 ന് സര്‍ഫാസി നിയമ പ്രകാരമുള്ള നടപടികള്‍ നേരിടുന്ന പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് 11. 30ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും. 

ജില്ലയിലെ ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, സര്‍ഫാസി നിയമം അനുസരിച്ച് ജപ്തി നടപടി നേരിടുന്നവര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് നേരിട്ട് പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. സര്‍ഫാസി നിയമത്തിലൂടെ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താം. 2002 ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഈ നിയമം പാസ്സാക്കിയത്.

സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി കേരള നിയമസഭാ വികാസ് ഭവന്‍ തിരുവനന്തപുരം എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും table@niyamasabha.nic.in എന്ന ഇമെയില്‍ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K