01 January, 2019 10:17:54 PM
കാസര്‍ഗോഡ് മായിപ്പാടിയിലും ചേറ്റുകുണ്ടിലും ഉണ്ടായ ആക്രമണം ആസൂത്രിതമെന്ന് മന്ത്രി ശൈലജ
കാസര്‍ഗോഡ്: മായപ്പാടിയിലും ചേറ്റുകുണ്ടിലും വനിതാ മതിലിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്‍തുണയോടെ സംഘടിപ്പിച്ച വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ പിന്‍തിരിപ്പിക്കുവാനായി ആക്രമണം നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ അനാചാരങ്ങളും മനുഷ്യത്വരഹിതമായ നടപടികളും പുതിയ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.
മതിലിന് ലഭിച്ച പിന്തുണ കണ്ട് സ്തബ്ധരായ ഒരു വിഭാഗത്തിന്റെ പ്രതികരണം മാത്രമായി ഇന്നത്തെ ആക്രമണത്തെ കാണാന്‍ കഴിയില്ല. തീര്‍ത്തും ആസൂത്രിതമായ അക്രമണമാണ് കാസര്‍ഗോഡ് മായിപ്പാടിയിലും, ചേറ്റുകുണ്ടിലും ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരയുള്ള അക്രമണങ്ങളെ ഒരിക്കലും വച്ചുപെറുപ്പിക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. പുതുവര്‍ഷ ദിനത്തിലും സ്ത്രീകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. മന്ത്രി സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വനിതാ മതിലില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ്. നാലു പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് മധൂര്‍ കുതിരപ്പാടിയിലാണ് സംഭവം. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്ഷമുണ്ടായാരുന്നു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ റോഡ് കൈയേറി, സ്ത്രീകള്‍ക്കുനേരെ കല്ലേറുനടത്തുകയും മതിലിനു സമീപം തീയിടുവാനും ശ്രമിച്ചു. കല്ലേറില്‍ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. റെയില്‍വേ പാതയോടു ചേര്‍ന്നുള്ള പുല്ലിനാണ് അക്രമികള്‍ തീയിട്ടത്.