24 February, 2016 01:29:56 AM
ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകളില്‍ 629 അധ്യാപക തസ്തികക്ക് ശിപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് 2014ല്‍ അധികബാച്ചുകള്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ തസ്തിക നിര്‍ണയത്തിന് ശിപാര്‍ശ. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലായി 629 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനാണ് ഡയറക്ടര്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. ഇതിനു പുറമെ നിലവിലെ 307 ജൂനിയര്‍ അധ്യാപക തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. 62 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ 167 ജൂനിയര്‍ അധ്യാപക തസ്തികകളും 58 സീനിയര്‍ അധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കാന്‍ ശിപാര്‍ശ നല്‍കിയത്. 118 ജൂനിയര്‍ തസ്തികകളാണ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ സീനിയറാക്കാന്‍ ശിപാര്‍ശ ചെയ്തത്.
66 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നെങ്കിലും 62ല്‍ മാത്രമാണ് നിബന്ധനപ്രകാരമുള്ള കുട്ടികള്‍ ഉള്ളത്. 2014 -15 വര്‍ഷത്തെ ബാച്ചില്‍ 40 കുട്ടികളും 2015 -16 വര്‍ഷത്തെ ബാച്ചില്‍ 50 കുട്ടികളും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. 123 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ അധിക ബാച്ച് അനുവദിച്ചതില്‍ 117 ഇടത്ത് മാത്രമാണ് വ്യവസ്ഥ പ്രകാരമുള്ള കുട്ടികളുള്ളത്. ഇവിടെ 323 ജൂനിയര്‍ തസ്തികയും 81 സീനിയര്‍ തസ്തികയുമാണ് സൃഷ്ടിക്കാന്‍ ശിപാര്‍ശ ചെയ്തത്. 189 ജൂനിയര്‍ അധ്യാപകരെ സീനിയറാക്കി അപ്ഗ്രേഡ് ചെയ്യാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. അധിക ബാച്ചുകള്‍ക്ക് ആവശ്യമായ തസ്തിക നിര്‍ണയത്തിനായി 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്. 2014ല്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറികളിലേക്ക് 2050 തസ്തിക സൃഷ്ടിക്കാന്‍ നേരത്തേ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു.
അധിക ബാച്ചുകള്‍ക്കായുള്ള ശിപാര്‍ശ വൈകാതെ മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്കെത്തും. അതേസമയം, മതിയായ കുട്ടികള്‍ ഇല്ലാതെവന്ന നാല് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളിലേയും ആറ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലേയും അധിക ബാച്ചുകള്‍ സര്‍ക്കാര്‍ റദ്ദാക്കുമെന്നാണ് സൂചന.