21 February, 2016 04:48:22 PM
സംവരണ തീയിൽ രാജ്യം ദഹിക്കുന്നു ; തീ പടര്‍ത്താതിരിക്കാന്‍ അധികാരികള്‍ക്കാവുമോ ?
ജവഹർലാൽ നെഹ്‌റു ഉൾപ്പെടെ അന്നെതിർത്തതാണ്. അംബദ്കർ മാത്രം ആവശ്യപ്പെട്ടതും! അതിന്നു രാജ്യത്തു കൊടുങ്കാറ്റു വീശുകയാണ്. അതേ, സംവരണത്തെ കുറിച്ചാണ് പറയുന്നത്..
രാജ്യത്ത് സാമുദായിക സംവരണം വേണമെന്നും അത് പത്തു വർഷത്തേക്കു പരിമിതപ്പെടുത്തിയാൽ മതിയെന്നുമായിരുന്നു അംബദ്കറുടെ നിർദ്ദേശം. എന്നാൽ പതിനേഴുവർഷം തുടർച്ചയായി ഭരിച്ച നെഹ്രുവിനോ തുടർന്നുവന്ന സർക്കാരുകൾക്കോ സംവരണത്തിന്റെ ലക്ഷ്യം നടപ്പാക്കാൻ കഴിഞ്ഞില്ല, കഴിയുന്നില്ല ഇനിയൊട്ടു കഴിയുമെന്നു തോന്നുന്നുമില്ല.
സംവരണ നിയമ കാലാവധി കാലാകാലങ്ങളിൽ നീട്ടിക്കൊണ്ടിരിക്കുകയാണ് സർക്കാരുകൾ. സംവരണം തുടരേണ്ടത് പല പാർട്ടികൾക്കും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി അത്യാവശ്യമാണ്. അതനുസരിച്ച് പുതിയ പുതിയ ജാതികളും ഉപജാതികളും ഉടലെടുക്കുകയാണ്. അവരെല്ലാം സംവരണം ആവശ്യപ്പെടുകയുമാണ് . കിട്ടിയവർ ശതമാനം കൂട്ടാനുള്ള ശ്രമത്തിലും. രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത് വിവിധ ജാതികളുടെ സംവരണ പ്രക്ഷോഭങ്ങളെയാണ്.
ഹരിയാനയിൽ പ്രക്ഷോഭം അക്രമാസക്തമാകുന്നു. അത് ഉത്തർപ്രദേശിലേക്ക് വ്യാപിച്ചു. ഡൽഹിയിലേക്കു വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ജാട്ടുകളെ മൻമോഹൻ സർക്കാർ ഓ ബി സി വിഭാഗത്തിൽ പെടുത്തി. അതിനെതിരെ സുപ്രീം കോടതി വിധി വന്നു. ആ വിധിയെ വെല്ലുവിളിച്ചുകൊണ്ടാണ് ജാട്ട് ജനത ഹരിയാനയിൽ അഴിഞ്ഞാടുന്നത്.
പട്ടേൽ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടു ഹർദ്ദിക് പട്ടേൽ ഗുജറാത്തിൽ നടത്തിയ ലഹളകൾ ഗുജറാത്ത് സർക്കാർ അമർച്ച ചെയ്തിരുന്നു. അത് ബി ജെപിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തിരിച്ചടിയായി. ഇപ്പോൾ ഹർദ്ദിക് വീണ്ടും സമരം തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലും യു പിയിലും സംവരണം ആവശ്യപ്പെട്ടു ബ്രാഹ്മണവിഭാഗങ്ങൾ സമരംചെയ്യുകയാണ്.
കൂടുതൽ കൂടുതൽ സമുദായങ്ങൾ ഇങ്ങനെ സംവരണം ആവശ്യപ്പെട്ടു അക്രമങ്ങൾ അഴിച്ചുവിട്ടാൽ രാജ്യത്തിൻറെ ഗതി എന്താകും? കാലാവധിക്കുള്ളിൽ സംവരണം നടപ്പാക്കുന്നതിനു പകരം ഇപ്പോൾ നിൽക്കുന്ന മുന്നോക്ക ജാതിക്കാർക്കും ചെറിയ സംവരണം കൊടുത്തു പ്രീണിപ്പിക്കാനാണ് ഇടതുപക്ഷ കക്ഷികളുടെ വരെ ഉദ്ദേശം!
രാജ്യത്ത് ഏകീകൃത സിവിൽ കോഡു കൊണ്ടുവന്നു ജാതിമതങ്ങൾക്കതീതമാണ് മനുഷ്യൻ എന്ന് പ്രഖ്യാപിക്കാൻ സംവരണം വിലങ്ങുതടിയാണെന്ന് ഇടതുപക്ഷ കക്ഷികൾ പോലും മനസ്സിലാക്കുന്നില്ല!
മനുഷ്യനാണ് മുഖ്യം എന്ന മുദ്രാവാക്യം ഉയരണമെങ്കിൽ സംവരണം ഇല്ലതായേ കഴിയൂ. അല്ലെങ്കിൽ ഈ ആളിക്കത്തുന്ന സംവരണത്തീ രാജ്യത്തെ ഭസ്മീകരിക്കും എന്ന് ഉറപ്പാണ്...