19 February, 2016 09:44:31 PM
സ്വര്‍ണ വ്യാപാരിയെ അക്രമിച്ച് കവര്‍ച്ച ; മൂന്ന് പേര്‍ പിടിയില്‍
കാസര്‍ഗോഡ് : സ്വര്‍ണ ഇടപാടുകാരനായ തൃശൂര്‍ സ്വദേശിയെ അക്രമിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ ബായിക്കട്ടയിലെ ഗുജിരി അമ്മി എന്ന അബ്ദുല്‍ ഹമീദ് (30), വിട്ള ഉക്കിടയിലെ അബ്ദുല്‍ റാസിഖ് (33), പി മന്‍സൂര്‍ (32) എന്നിവരെയാണ് കാസര്‍കോട് സി ഐ പികെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തൃശൂര്‍ ചെമ്പുക്കാവ് സ്വദേശി ടോണിയെ (50) തലക്കടിച്ച് വീഴ്ത്തിയ ശേഷം 1.318 കിലോ ഗ്രാം സ്വര്‍ണവും 4,36,350 രൂപയും തട്ടിയെടുത്ത കേസിലാണ് മൂന്നംഗസംഘം പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 12ന് രാത്രി ഏഴ് മണിക്കാണ് കാസര്‍കോട് കെ പി ആര്‍ റാവു റോഡില്‍ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപം ടോണിയെ ഒരു സംഘം കാറിലെത്തി അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്.
വെള്ളിയാഴ്ച രാവിലെ വേരിപ്പദവില്‍ വെച്ച് റാസിഖും മന്‍സൂറുമാണ് ആദ്യം പോലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഗുജിരി ഹമീദിനെ കാണാന്‍ പോവുകയാണെന്നാണ് പോലീസിനോട് പറഞ്ഞത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹമീദിനെ പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച കെ എ 19 എം ഡി 5414 നമ്പര്‍ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം കാറില്‍ 80 കിലോ കഞ്ചാവ് കടത്തിയ കേസിലും പോലീസിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഹമീദ്. കവര്‍ച്ച ചെയ്ത 1318.133 ഗ്രാം സ്വര്‍ണാഭരണങ്ങളില്‍ നിന്ന് 748.58 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ അമ്മി താമസിച്ച വായവളപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തു. റാസിഖ് വിടഌയില്‍ വധശ്രമക്കേസിലും പ്രതിയാണ്.
അറസ്റ്റിലായ മന്‍സൂര്‍ കര്‍ണാടകയിലെ ഒരു ജ്വല്ലറിയിലെ സൈല്‍സ്മാനാണ്. ടോണി ഈ ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വിതരണം ചെയ്യുന്ന ആളും. ടോണിയുടെ നീക്കങ്ങള്‍ മനസിലാക്കി മന്‍സൂറാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു. ഈ കേസില്‍ മൊത്തം 10 പ്രതികള്‍ ഉണ്ടെന്നു സി ഐ വ്യക്തമാക്കി.
അന്വേഷണ ടീമില്‍ എസ്.ഐമാരായ രത്‌നാകരന്‍, മോഹനന്‍, സി.പി.ഒ ഗിരീഷ്, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ ഫിലിപ്പ് തോമസ്, നാരായണന്‍, ബാലകൃഷ്ണന്‍, ലക്ഷ്മിനാരായണന്‍, അബൂബക്കര്‍, ഓസ്റ്റിന്‍തമ്പി, വി. ദീപക്, കെ. ശ്രീജിത്ത് പടന്ന, സി. സജിത്ത്, സുമേഷ് എന്നിവരും ഉണ്ടായിരുന്നു.