11 February, 2016 01:37:17 PM


പെൺകരുത്തിൽ പിറന്നു പൊൻകിണർ


കോട്ടയം : സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങിലേയ്ക്ക് ഇറങ്ങിയിട്ട് കാലമേറെയായി. വണ്ടിയോടിച്ചും തെങ്ങിൽ കയറിയും കേരളത്തിലെ പെൺ പട പല തവണ കരുത്തു തെളിയിച്ചതുമാണ്. ആ തൊപ്പിയിലേക്ക് ഒരു പൊൻതൂവൽ കൂടി ചാർത്തുകയാണ് പൊൻകുന്നത്തെ 19 പെൺമണികൾ. ചിറക്കടവിൽ വറ്റാത്ത നീരുറവ തീർത്താണ് അവർ ചരിത്രം തിരുത്തി എഴുതിയത്.
ചിറക്കടവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കുടിവെള്ളത്തിനായി കിണർ നിർമ്മിച്ചത്. 19 പേരടങ്ങുന്ന വനിതകളാണ് ഇതിനായി ആയുധം കൈയ്യിലെടുത്തത്. 25 അടി താഴ്ചയുള്ള കിണറിന്റെ 20 അടിയും കുഴിച്ചത് വനിതകൾ തന്നെ.
എന്നാൽ 20 അടി കഴിഞ്ഞപ്പോൾ കണ്ട പാറക്കൂട്ടത്തിനു മുന്നിൽ സ്ത്രീ രത്‌നങ്ങൾ കീഴടങ്ങി. അതു പൊട്ടിച്ച് നീക്കുന്നതിനു മാത്രമാണ് പുരുഷസഹായം വേണ്ടിവന്നത്. ഇത് ഒഴിച്ചാൽ മറ്റു പണികൾ മുഴുവനും സ്ത്രീകൾ തന്നെയാണ് ചെയ്തു തീർത്തത്.
20 അടി വരെ മണ്ണു മാറ്റിയതും കിണറ്റിലിറങ്ങി കുഴിച്ചതും വളയിട്ട കരങ്ങൾ തന്നെ. 19 പേരിൽ മുട്ടത്തു കിഴക്കേതിൽ ചന്ദ്രികാ രാമചന്ദ്രനും പറഞ്ഞുകാട്ടിൽ മിനി സാബുവുമാണ് കിണറ്റിലിറങ്ങി മണ്ണ് കുഴിച്ചതും കോരി കുട്ടയിലാക്കിയത്. ഇവർക്കു സഹായമായി കരയിലേയ്ക്ക് മണ്ണു വലിച്ചു കയറ്റിയതും മറ്റിതര ജോലികൾ ചെയ്തതതും പുത്തൻ വീട്ടിൽ രമാ സജി, മഴുവഞ്ചേരിൽ റാണി വിജയകുമാർ, വെട്ടിയാങ്കൽ ജയശ്രീ ദയാൽ, ജി ഭവനിൽ രാധാമണി എന്നിവരടങ്ങുന്ന സംഘമാണ്. ഇവർക്ക് പൂർണ പിന്തുണയായി സമീപവാസിയും വാർഡ് മെമ്പറുമായ സുബിതാ ബിനോയിയും ഒപ്പമുണ്ടായിരുന്നു. വനിതാ പഞ്ചായത്തംഗത്തിന്റെ സാന്നിധ്യം ഈ വനിതാ കൂട്ടായ്മയ്ക്ക് കൂടുതൽ കരുത്തേകി.
ചിറക്കടവ് പൊന്നയ്ക്കൽകുന്ന് ഒറ്റപ്ലാക്കൽപ്പടിയിൽ കൃഷ്ണപ്രിയയിൽ പ്രസീതാ സന്തോഷിന്റെ വീട്ടുവിളപ്പിലാണ് ഇവർ കിണർ കുഴിച്ചത്. 14 ദിവസം കൊണ്ട് പൂർത്തിയാക്കിയ കിണറ്റിൽ ഈ കൊടും വേനലിലും വറ്റാത്ത നീരുറവയാണ് ഒഴുകിയെത്തുന്നത്. വേണ്ടി വന്നാൽ ചിറക്കടവിൽ ഇനിയും കിണർ കുഴിക്കാൻ തങ്ങൾ റെഡിയാണെന്ന് ഇവർ ഒറ്റക്കെട്ടായി പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K