28 January, 2016 06:03:50 PM


ബാര്‍, സോളാര്‍, അഴിമതി, കേസ്.... മുഖ്യമന്ത്രി രാജി വെക്കുന്നതല്ലേ നല്ലത്...

കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കേരള ജനരക്ഷാ യാത്രയുടെ പേര് ശരിവക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍. ഈ യാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ ധനമന്ത്രിക്കു രാജിവക്കേണ്ടിവന്നു. യാത്ര എറണാകുളം ജില്ലയില്‍ എത്തിയപ്പോള്‍ അന്നാട്ടുകാരനായ എക്സൈസ്   മന്ത്രി  രാജി വച്ചു. യാത്ര കോട്ടയം ജില്ലയില്‍  കടന്നപ്പോള്‍ കോട്ടയംകാരനായ മുഖ്യമന്ത്രി തന്നെ രാജിവക്കാനുള്ള  സാഹചര്യമുണ്ടായി.

ധാര്‍മ്മികതയ്ക്ക് മുകളിലാണ് മനസാക്ഷിയെന്നും രാജിവക്കാതിരിക്കാന്‍ തനിക്ക് നാണമില്ലെന്നും ഒരു ഉളുപ്പുമില്ലാതെ പറയുന്ന മുഖ്യമന്ത്രിയില്‍ നിന്നും രാജി  ആരും പ്രതീക്ഷിക്കുന്നില്ല. എഫ് ഐ ആര്‍ എടുക്കണം എന്നു കോടതി നിര്‍ദ്ദേശം വന്നപ്പോള്‍  'ധാര്‍മ്മികത' ഉയര്‍ത്തിയാണ് എക്സൈസ്   മന്ത്രി  രാജിവച്ചത്. എന്നാല്‍ ആ രാജിയില്‍ തീരുമാനമെടുക്കാതെ അതും പോക്കറ്റി'ലിട്ടൂ നടക്കുകയാണ് മുഖ്യമന്ത്രി. എക്സൈസ് മന്ത്രിയുടെ മാതൃക തനിക്കു  പാരയാകരുതെന്നു കരുതിയിട്ടാകാമിത്. ഏതായാലും ഒരു വമ്പിച്ച ബഹുജനപ്രക്ഷോഭം ഉണ്ടാവാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടായിട്ടും  പ്രതിപക്ഷ യുവജന സംഘടനകള്‍ മാത്രമേ ഇത്തരുണത്തില്‍ സമരവുമായി മുന്നോട്ടു വന്നിട്ടുള്ളൂ എന്നതും ശ്രദ്ധേയം.

സരിത സോളാര്‍ കമ്മീഷനിലും പുറത്തു മാധ്യമങ്ങള്‍ക്ക് മുമ്പിലും നടത്തിയ വെളിപ്പെടുത്തലുകള്‍ വളരെ  ഗൌരവമുള്ളതാണ്. അതിനു പുറമെയാണ് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും, അസാധാരണമായ സന്ദര്‍ഭത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന  തൃശൂര്‍ വിജിലന്‍സ് കോടതിയുടെ, അസാധാരണ ഉത്തരവ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന പോലീസ് അന്വേഷണം നടത്തുമ്പോള്‍ പ്രതിപട്ടികയില്‍ ഉള്ളവര്‍ പോലീസിന്‍റെ തലപ്പത്തിരിക്കുന്നത് അന്വേഷണത്തിന്‍റെ വിശ്വാസ്യതയെ തടസ്സപ്പെടുത്തുമെന്ന കാര്യം മുലകുടിക്കുന്ന കുട്ടിക്കുവരെ അറിവുള്ളതാണ്.

അതിനാല്‍ നാണമില്ലയ്മയും മനസ്സാക്ഷിയും മാറ്റിവച്ചു ഇനിയെങ്കിലും കടിച്ചു തൂങ്ങാതെ മുഖ്യമന്ത്രി രാജിവക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ രാജിയോടെ വൈദ്യുതി മന്ത്രിയുടെ പദവിയും സാങ്കേതികമായി അവസാനിക്കും.
എക്സൈസ്   മന്ത്രി യുടെമേല്‍ എഫ് ഐ ആര്‍ എടുക്കാനുള്ള വിധി ഇപ്പോള്‍ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നു. ഇപ്പോള്‍ അതില്‍ പിടിച്ചാണ് മുഖ്യമന്ത്രിയുടെ നില്‍പ്പ്. അടിയന്തിരമായി തന്‍റെയും വൈദ്യുതി മന്ത്രിയുടെയും നിര്‍ദ്ദേശിക്കപ്പെട്ട നടപടിക്കു സ്റ്റേ വാങ്ങുവാനാണ്‌  തീരുമാനം. ഒരു ക്രിമിനലിന്‍റെ ജല്‍പ്പനങ്ങള്‍ എന്നു പറഞ്ഞാണ് ഭരണക്കാര്‍ സരിതാമൊഴിയെ അവഗണിക്കുന്നത്. പതിറ്റാണ്ടുകളുടെ  പൊതുരംഗത്തെ സേവനപാരമ്പര്യം എന്നൊക്കെ വാഴ്ത്തിയാണ് മുഖ്യമന്ത്രിയെ പക്ഷക്കാര്‍ പിന്തുണക്കുന്നത്.അത്തരം സ്തുതിഗാനങ്ങള്‍ ധനമന്ത്രിയുടെ കാര്യത്തിലും ഉയര്‍ന്നിരുന്നു. പക്ഷെ അത് രാജിയില്‍ കലാശിച്ചു.

താന്‍ രാജിവക്കേണ്ടിവരുമെന്ന  തിരിച്ചറിവാണ്  സഹമന്ത്രിമാര്‍ രാജിവയ്ക്കേണ്ടതില്ല  എന്നു  മുഖ്യമന്ത്രിയെക്കൊണ്ട് പറയിച്ചിരുന്നത്.
മുഖ്യമന്ത്രിയില്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നുമായും ഉടഞ്ഞത് അവരുടെ 'ആദര്‍ശധീരന്‍റെ' വിഗ്രഹമാണ്‌. സോളാര്‍ സംബന്ധിച്ച് ഉണ്ടായ കാര്യങ്ങള്‍ ഒന്ന് ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെയാണ് .

ടീം സോളാര്‍ എന്ന പേരില്‍ ഒരു കമ്പനി സരിതയും ബിജു രാധാകൃഷ്ണനും കൂടി ഉണ്ടാക്കി. ചെറിയതോതില്‍ കച്ചവടം നടത്തി. അപ്പോഴാണ്‌  കേന്ദ്രസര്‍ക്കാരിന്‍റെ രാജ്യമൊട്ടാകെ സോളാര്‍ വൈദ്യുതി എന്ന ആശയം നടപടിയാകുന്നത്. അതിന്‍റെ ഭാഗമായാല്‍ ബിസിനസ്സ് പച്ച പിടിക്കും. സര്‍ക്കാര്‍ സംബന്ധവിഷയമാകയാല്‍ സംസ്ഥാനസര്‍ക്കാരിന്‍റെ സഹായങ്ങള്‍ ആവശ്യമാണ്. അത് നേടിയെടുക്കാന്‍ അന്നത്തെ മന്ത്രി ഗണേഷ്കുമാറിന്‍റെയും പി എ ആയ പ്രദീപിന്റെയും സഹായത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ജിക്കുവുമായി സരിത അടുത്തിടപഴകുന്നു. അങ്ങനെ പലതവണ സരിത മുഖ്യമന്ത്രിയെ കാണുന്നു (ആദ്യം കാണുന്നത്  ഒരു സ്റ്റേജില്‍ വച്ചാണ്) .

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ പോയി, അവിടെയെത്തിയ മുഖ്യമന്ത്രിയെ കണ്ടു പണം തയ്യാറാണ് എന്നറിയിക്കുന്നു. അദ്ദേശം നിര്‍ദ്ദേശിച്ച പ്രകാരം പണം 1,10,000 രൂപ തോമസ്‌ കുരുവിളയ്ക്ക്കൈമാറുന്നു.ഒരു വലിയ പെട്ടിയിലും ഒരു ഇടത്തരം പെട്ടിയിലും; ബാക്കി 80,000 പിന്നീട് നാട്ടില്‍ വച്ചും.മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം വൈദ്യുതി മന്ത്രിയെ കണ്ടു രണ്ടു ഗഡുക്കളായി 40,00,000 കൊടുക്കുന്നു. തുടര്‍ന്ന് അവര്‍ക്ക് ഒരു പൈസയുടെ സഹായംപോലും നല്‍കാതെ,  ഖജനാവിനു ഒരു ചില്ലി പൈസയുടെ നഷ്ടം വരുത്താതെ ഇരു കൂട്ടരും അവഗണിച്ചു. എന്തുകൊണ്ട്? മുഖ്യമന്ത്രി ആവശ്യപ്പെട്ട ഏഴുകോടിയും വൈദുതി മന്ത്രി ആവശ്യപ്പെട്ട രണ്ടു കോടിയും കിട്ടാത്തതുകൊണ്ട്. സരിത അത് നല്‍കിയിരുന്നെങ്കില്‍, അവര്‍ക്ക് സഹായവും  ഖജനാവിനു നഷ്ടവും ഉണ്ടായേനെ..
ഒരാളെ കൊല്ലാന്‍ കത്തിയുമായി പോകുന്നവന്‍ വണ്ടി തട്ടിവീണാലും ഇങ്ങനെ പറയും - ഞാന്‍  അവനെ ഒരു പോറല്‍ പോലുമേല്‍പ്പിച്ചില്ലല്ലോ എന്ന് !!

ചെയ്യാനിരുന്ന അഴിമതി പാളിപ്പോയെങ്കിലും കൈക്കൂലി ഉണ്ടായിരിക്കുന്നു. ബിജുവും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നത്തിലാണ് രണ്ടു ലക്ഷം രൂപയുടെ ദുരിതാശ്വാസസഹായ ചെക്ക് മടങ്ങിപ്പോയത്. അതുകൊണ്ട്  രണ്ടു കോടിയോളം കൈക്കൂലി കൊടുക്കാന്‍ മാത്രം അവര്‍ക്കില്ല എന്ന് മുഖ്യമന്ത്രി അബദ്ധം എഴുന്നള്ളിക്കുന്നത് ! എന്നാല്‍ താന്‍ സമ്പന്നയല്ലെന്നും കസ്റ്റമേഴ്സിന്റെ കാശാണ് അതെന്നും സരിത പറയുന്നതു വിശ്വസിക്കാം. കാരണം  സരിത പണം വാങ്ങിയവര്‍ അവര്‍ക്കെതിരേ കൊടുത്ത നിരവധി  കേസുകള്‍ തന്നെ അതിനു കാരണം.മുഖ്യമന്ത്രി ഉറപ്പു തന്നാലെ പണം മുടക്കൂ എന്ന് ശഠിച്ച ശ്രീധരന്‍ നായരെയും കൊണ്ടു സരിത മുഖ്യമന്ത്രിയുടെ അടുത്തുപോയതും മുഖ്യമന്ത്രി ഉറപ്പു കൊടുത്തതും പരസ്യമല്ലേ?

കൈക്കൂലിയായി കൊടുത്ത പണം തിരികെ നല്‍കാമെന്ന ഉറപ്പിന്‍റെ ഫലമായിരുന്നു സരിതയുടെ മൗനം. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയല്ല, പോയ പണം കിട്ടുകയായിരുന്നു സരിതയ്ക്ക് ആവശ്യം. അതിനാല്‍ ഇത്രകാലം അവര്‍ മൗനം ഭജിച്ചു.എല്ലാം ശരിയാക്കാമെന്ന ബെന്നി ബഹനാന്‍റെയും തമ്പാനൂര്‍ രവിയുടെയും വാക്കുകള്‍ വെള്ളത്തിലെഴുതിയപോലെയായി. മുഖ്യമന്ത്രിയും സരിതയുമായുള്ള അശ്ലീല സി ഡി ഉണ്ടെന്നു പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രി  തനിക്കു പിതൃതുല്യന്‍ എന്നു സരിത പറഞ്ഞത്. അതിപ്പോഴും ആവര്‍ത്തിക്കുന്നു. സോളാര്‍ കമ്മീഷനില്‍ കിളി പറയുന്നതുപോലെ സരിതയെ കൊണ്ട് പറയിച്ചോളാമെന്നു ഒരുപക്ഷെ തമ്പാനൂര്‍ രവി ഏറ്റതുകൊണ്ടായിരിക്കാം മുഖ്യമന്ത്രി തന്റെ 'ഐതിഹാസികമായ  14 മണിക്കൂര്‍ 'അഖണ്ഡ മൊഴി നല്‍കല്‍ നടത്തിയത്.. പക്ഷെ ഇക്കുറി എല്ലാം പാളിപ്പോയി. കമ്മീഷനില്‍ എങ്ങനെ മൊഴി നല്‍കണമെന്ന് ഉപദേശിക്കുക വഴി തമ്പാനൂര്‍ രവി വലിയ കുറ്റമാണ് ചെയ്തിരിക്കുന്നത്. രവിയല്ല സരിതയാണ് വിളിച്ചതെങ്കില്‍ പോലും  കള്ളമൊഴിക്ക് പ്രേരിപ്പിക്കാന്‍ പാടില്ല.  രാവിലെ രവിയുടെ മിസ്സ്ഡ് കാള്‍ കണ്ടിട്ടാണ് സരിത തിരിച്ചു വിളിച്ചതെന്ന് പറയുന്നു. രവിയുടെ, ബഹനാന്‍റെ ഒക്കെ നമ്പരുകള്‍ അവര്‍ കാണാതെ പറയുന്നുമുണ്ട്.

ഇന്നലെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ഹൈക്കമാന്‍റ്  ഇന്ന് വിശദീകരണം ചോദിച്ചിരിക്കുന്നു. എന്നിട്ടും പ്രതിപക്ഷവും പൊതുജനങ്ങളും മുഖ്യമന്ത്രിയെ വിശ്വസിക്കണമെന്നു പറയുന്നത് എവിടുത്തെ ന്യായമാണ്?  നുണ പരിശോധനക്ക് വഴങ്ങില്ല  എന്ന് പറയുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കണോ,  നുണ പരിശോധനക്ക് തയ്യാറാണെന്ന് പറയുന്ന സരിതയെ വിശ്വസിക്കണോ?
അതിശക്തമായ പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ചു നേരിടാനാണ് ഭാവമെങ്കില്‍ ഈ സര്‍ക്കാര്‍ അതിവേഗം ബഹുദൂരത്തേക്കു വലിച്ചെറിയപ്പെടുമെന്നു പറയേണ്ടതില്ലല്ലോ.. സീസറിന്റെ ഭാര്യ സംശയാതീത ആയിരിക്കണമെന്ന ചൊല്ല് മുഖ്യമന്ത്രിക്കും  ബാധകമാണ് .
കുറിപ്പ്: വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മുഖ്യമന്ത്രിയുടെ കണ്ണീര്‍ പുത്തരിക്കണ്ടത്തെ മണ്ണില്‍ വീണു. ആ കണ്ണീര്‍ തുള്ളി ഒരു ഭൂതത്തെപ്പോലെ ഉയര്‍ന്നുവന്നു  ആ  കണ്ണീരിനു കാരണക്കാരായ എ കെ ആന്‍റണിയെ  പിന്നീടും ഉമ്മന്‍ ചാണ്ടിയെ ഇപ്പോഴും വെറുക്കപ്പെട്ട്‌, ഒറ്റപ്പെട്ട് , പുറത്തേക്കു തള്ളുന്ന കാഴ്ച അലംഘനീയമായ   വിധിമഹിമ തന്നെ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K