11 June, 2017 12:02:37 AM


മലയാളത്തില്‍ ആദ്യമായി 100 ചിത്രം തികച്ച ഹാസ്യസമ്രാട്ടിന്‍റെ 32-ാം ചരമവാര്‍ഷികം 12ന്



"കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്‍റെ നോട്ടുകൊണ്ടാറാട്ട്'' എന്ന് തലവെട്ടിച്ച് മുഖമൊന്ന് നീട്ടി പാട്ടുംപാടി നീങ്ങുന്ന ഡോക്ടര്‍ എന്ന സിനിമയിലെ ഹാസ്യകാമുകനെ പഴമക്കാര്‍ ആരും മറക്കില്ല. ചെമ്മീനിലെ അച്ചന്‍കുഞ്ഞിനെയും തച്ചോളി ഒതേനനിലെ പുള്ളുവനെയും ഉള്‍പ്പെടെ പഴയകാല മലയാളസിനിമകളിലെ ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ എസ്.പി.പിള്ളയുടെ മുപ്പത്തി രണ്ടാം ചരമവാര്‍ഷികമാണ് ജൂണ്‍ 12ന്. 

അനുകരണ കലയില്‍ നിന്നും ഹാസ്യത്തിന് പുത്തനുണര്‍വ്വേകി ചലച്ചിത്രലോകത്തിലേക്ക് കടന്നുവന്ന ആദ്യകാല നടനായ എസ്.പി.പിള്ളയുടെ നര്‍മ്മബോധത്തിന്‍റെ ചുവട് പിടിച്ചാണ് പിന്നീട് വന്ന ഓരോ ഹാസ്യതാരവും മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചതെന്നു പറയുന്നതില്‍ തെറ്റില്ല. ഒരു കാലത്ത് മലയാള ചലച്ചിത്രലോകത്തെ അവിഭാജ്യഘടകമായി മാറി എസ് പി പിള്ള എന്ന പങ്കജാക്ഷൻ പിള്ള. ആറന്മുള പൊന്നമ്മ ഒരിക്കല്‍ അഭിപ്രായപ്പെട്ടതുപോലെ 'മരിച്ചുകിടക്കുന്നവനെപ്പോലും എണീറ്റിരുത്തി ചിരിപ്പിക്കാന്‍' കഴിവുണ്ടായിരുന്ന എസ് പി പിള്ള പക്ഷെ കടന്നു വന്ന വഴികള്‍ ഏറെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു.

പൊലീസ് കോൺസ്റ്റബിളായിരുന്ന ശങ്കരൻ പിള്ളയുടേയും കാർത്യായനിയമ്മയുടേയും പുത്രനായി 1913ൽ ജനനം. വളരെ ചെറിയ പ്രായത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇദ്ദേഹം ചെറുപ്പക്കാലം കഴിച്ചത് കഷ്ടപ്പാടിലും കഠിനാധ്വാനത്തിലുമാണ്. അമ്പലത്തിൽ പാണി കൊട്ടിയും അടുത്തുള്ള വീട്ടിലെ അമ്മ തരുന്ന ചോറുണ്ടും അവരുടെ പടിപ്പുരയിൽ അന്തിയുറങ്ങിയുമാണ് അദ്ദേഹവും സഹോദരനും കൗമാരം കഴിച്ചു കൂട്ടിയത്. വലുതായപ്പോൾ ചുമടെടുത്തും, കിട്ടിയ എന്തു ജോലിയും ചെയ്തും ജീവിച്ചിരുന്ന എസ് പി പിള്ള തികച്ചും യാദൃശ്ചികമായാണ് നാടകലോകത്തേയ്ക്ക് എത്തിപ്പെടുന്നത്.

ഒരു പകരക്കാരനായാണ് എസ് പി പിള്ള ആദ്യമായി നാടകവേദിയിലെത്തുന്നത്.  ചെയ്ത വേഷം ശ്രദ്ധേയമാക്കാൻ കഴിഞ്ഞതോടെ കൂടുതൽ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അഭിനയത്തിൽ മാത്രമല്ല അനുകരണത്തിലും മിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കൽ ഏറ്റുമാനൂരില്‍ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാകവി വള്ളത്തോളിനെ അതേ ചടങ്ങിൽ അദ്ദേഹത്തിന്‍റെ മുൻപിൽ വെച്ചു തന്നെ അനുകരിച്ച് കാണിച്ചു. ആ കലാകാരന്‍റെ കഴിവ് തിരിച്ചറിഞ്ഞ വള്ളത്തോൾ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു വർഷം കലാമണ്ഡലത്തിൽ ഓട്ടന്‍തുള്ളൽ അഭ്യസനം പൂർത്തിയാക്കിയ എസ്പി പിള്ള തിരിച്ചു വന്നത് പ്രൊഫഷണൽ നാടകവേദിയിലെ സജീവ സാന്നിദ്ധ്യമാകാനായിരുന്നു.

ഒരിക്കൽ ഇദ്ദേഹത്തിന്‍റെ നാടകം കാണാനിടയായ സാഹിത്യകാരനും നിരൂപകനുമായ രാമവർമ്മ അപ്പൻ തമ്പുരാൻ താൻ നിർമ്മിക്കാൻ പോകുന്ന "ഭൂതരായർ" എന്ന ചിത്രത്തിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ഭൂതരായർ റിലീസ് ചെയ്യപ്പെട്ടില്ല. എങ്കിലും എസ് പി പിള്ള എന്ന നടന്‍റെ സിനിമാപ്രവേശം വെറുതെയായില്ല. 1950ൽ പുറത്തിറങ്ങിയ "നല്ല തങ്ക"യിലെ മുക്കുവനും തൊട്ടടുത്ത വർഷമിറങ്ങിയ "ജീവിതനൗക"യിലെ ശങ്കുവും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യമുറപ്പിക്കാൻ പോന്ന പ്രകടനങ്ങളായിരുന്നു. ഹാസ്യനടനായി പേരെടുത്ത അദ്ദേഹം തികഞ്ഞ സ്വഭാവനടനുമാണെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു ടാക്സി ഡ്രൈവർ എന്ന ചിത്രത്തിലേത്. 

തികഞ്ഞ മനുഷ്യസ്നേഹിയും പരോപകാരിയുമായിരുന്ന എസ് പി പിള്ള, തിക്കുറിശ്ശി, ടി എൻ ഗോപിനാഥൻ നായർ എന്നിവരുമായി ചേർന്ന് തുടങ്ങിയ "കലാകേന്ദ്രം" എന്ന സ്ഥാപനം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ  കാഴ്ച വെക്കുകയുണ്ടായി.  വേദിയിൽ നിന്നും വിരമിച്ച ശേഷം അനേകം കലാകാരന്മാർക്ക് സഹായമെത്തിക്കാൻ അവശ ചലച്ചിത്രകാര യൂണിയന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്ന ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.

ബി.ഹരികുമാര്‍ നിര്‍മ്മിച്ച, 1982ൽ പുറത്തിറങ്ങിയ പല്ലാങ്കുഴി ആയിരുന്നു ഇദ്ദേഹത്തിന്‍റെ അവസാനചിത്രം. അദ്ദേഹം മരിക്കുന്നതു വരെ വടക്കൻപാട്ടിനെ ആസ്പദമാക്കി മലയാളത്തിൽ വന്നിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും പാണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ് പി പിള്ളയായിരുന്നു. ഏറ്റുമാനൂരപ്പന്‍റെ കടുത്ത ഭക്തനായിരുന്ന എസ് പി പിള്ള 1985 ജൂൺ 12നാണ് അന്തരിച്ചത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ സമയത്ത് എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1977ല്‍ ടാക്സി ഡ്രൈവറിലെ അഭിനയത്തിനു മികച്ച സഹനടനുള്ള കേരള സർക്കാർ അവാർഡ് ഇദ്ദേഹത്തെ തേടിയെത്തി. മലയാളത്തിൽ 100 സിനിമകൾ തികച്ചതിനു തമിഴ്നാട് സർക്കാറിന്‍റെ അവാർഡിനു പുറമെ ചെമ്മീനിലെ അഭിനയത്തിന് കേന്ദ്രസർക്കാർ അവാർഡും ലഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കലാരത്നം അവാർഡിനും എസ്.പി പിള്ള അര്‍ഹനായി. ഹാസ്യകഥാപാത്രങ്ങല്‍ക്കു പുറമെ ക്യാരക്ടര്‍ റോളുകളും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച ആദ്യകാല നടന്‍ കൂടിയാണ് എസ്.പി.പിള്ള.

മലയാള സിനിമയ്ക്ക് അടിത്തറ പാകിയ ഇദ്ദേഹത്തെ പോലുള്ള നടന്മാരെ ഒാര്‍ക്കാന്‍ ന്യൂ ജനറേഷന്‍ സിനിമകളുടെ തള്ളലില്‍ ആരും ശ്രമിക്കുന്നില്ല എന്നതും ഏറെ പരിതാപകരം തന്നെ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K