17 March, 2025 07:04:51 PM


ഉദയനാപുരത്ത് കളിക്കളമായി; അക്കരപ്പാടം സ്‌കൂളിൽ ടർഫ് പൂർത്തിയാകുന്നു



കോട്ടയം: വൈക്കം ഉദയാനാപുരത്തെ ഫുട്‌ബോൾ പ്രേമികൾക്കായി ആധുനിക നിലവാരത്തിൽ  ടർഫ്  ഒരുങ്ങുന്നു. സംസ്ഥാന കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അക്കരപ്പാടം ഗവൺമെൻറ് യു.പി. സ്‌കൂൾ ഗ്രൗണ്ടിലാണ്  ടർഫ് കോർട്ട് ഒരുങ്ങുന്നത്.
48 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ്  നിർമാണം. രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷന്റെ(ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. പ്രകാശത്തിനായുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതൊഴികെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരണഘട്ടത്തിലാണ്.
65 സെൻറ് സ്ഥലത്ത് സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമാണം. കൂടാതെ ലൈറ്റുകൾ സജ്ജീകരിച്ചിരിക്കാനായി സി.കെ. ആശ യുടെ എം.എൽ.എ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ടർഫ് കോർട്ടിനോട് ചേർന്ന് വോളിബോൾ, ബാഡ്മിന്റൺ എന്നിവ കളിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഒരു പഞ്ചായത്ത് ഒരു കളിക്കളം'. സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K