10 September, 2024 06:28:30 PM


എം.ജി സര്‍വകലാശാലയിലെ എന്‍.എസ്.എസിന് ഇനി പ്രഫഷണല്‍ നാടന്‍പാട്ടു സംഘവും



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീം പ്രഫഷണല്‍ നാടന്‍പാട്ടു സംഘം രൂപീകരിക്കുന്നു. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കായി നടത്തിയ നാടന്‍പാട്ടു മത്സരത്തില്‍ പങ്കെടുത്തവരില്‍ 20 വിദ്യാര്‍ഥികളെ ഇതിനായി തിരഞ്ഞെടുത്തു.

ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയശേഷമായിരിക്കും പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങുക. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ എന്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ വിദ്യാര്‍ഥികളുടെ കലാസംഘത്തിന് അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ പറഞ്ഞു. 

കോളജ് തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായ 11 ടീമുകളാണ് സര്‍വകലാശാലാതല നാടന്‍പാട്ടു മത്സരങ്ങളില്‍ മാറ്റുരച്ചത്. എറണാകുളം മഹാരാജാസ് കോളജ് ടീം ഒന്നാം സ്ഥാനം നേടി. തൃക്കാക്കര കെ.എ.എം കോളജിനും കാലടി ശ്രീശങ്കരാ കോളജിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. 

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇ.എന്‍. ശിവദാസന്‍, ഡോ. തോമസ് വര്‍ഗീസ്, ഡോ. കെ.എ. മഞ്ജുഷ, കോളജുകളിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

നേരത്തെ വിവിധ കോളജുകളിലെ വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 4500 പേരടങ്ങുന്ന ദുരന്ത നിവാരണ സേനയ്ക്ക് രൂപം നല്‍കിയ എം.ജി സര്‍വകലാശാലാ എന്‍.എസ്.എസ് നിര്‍ധന കൂടുംങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന സ്നേഹവീട് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K