12 December, 2024 07:51:37 PM


നടി കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി



കൊച്ചി:നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പരമ്പരാഗത ബ്രാഹ്മിൺ വേഷത്തിലാണ് ഇരുവരും എത്തിയത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിൽ ഇരുന്നാണ് കീർത്തിയുടെ കഴുത്തിൽ ആന്റണി താലി ചാർത്തിയത്. മാമ്പഴ മഞ്ഞ നിറമുള്ള പട്ടുസാരിയും പച്ചനിറത്തിലുള്ള ബ്രോക്കേഡ് ബ്ലൗസുമാണ് താലി ചാർത്തൽ ചടങ്ങിൽ കീർത്തി സുരേഷ് അണിഞ്ഞത്. തമിഴ് ശൈലിയിലുള്ള വേഷ്ടിയായിരുന്നു ആന്റണിയുടെ വേഷം.

കീർത്തിയുടെ സെക്കൻഡ് ലുക്ക് സിംപിൾ മേക്കപ്പിൽ ഒരു മെറൂൺ സാരി ഉടുത്തായിരുന്നു. വെള്ള, മെറൂൺ നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച ഒറ്റ നെക്ക്പീസും അതിന് യോജിക്കും വിധത്തിലുള്ള വിധത്തിലുള്ള സ്റ്റഡ് കമ്മലും ധരിച്ചായിരുന്നു കീർത്തി എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ചലച്ചിത്ര മേഖലയിലെ നിരവധിയാളുകളാണ് എത്തുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാമേഖലയില്‍നിന്നുള്ള ഏറ്റവും അടുപ്പമുള്ളവരുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വിജയ് വിവാഹത്തിനെത്തിയ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. കൊച്ചിയില്‍നിന്നുള്ള ആന്റണി ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. നടി മേനകയുടെയും ജി സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി.

മലയാള സിനിമയിൽ ബാലതാരമായി എത്തിയ കീർത്തി 'ഗീതാഞ്ജലി' എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 'മഹാനടി' എന്ന തെലുങ്ക്ചിത്രത്തിലൂടെ ദേശീയപുരസ്‌കാരവും കീര്‍ത്തിയെ തേടിയെത്തി. ബേബി ജോണാണ് കീര്‍ത്തിയുടേതായി റിലീസാവാനിരിക്കുന്ന സിനിമ. കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് ചിത്രമായ 'തെരി'യുടെ ഹിന്ദി റീമേക്കാണ് 'ബേബി ജോണ്‍'.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K