28 September, 2024 08:00:59 PM
നെഹ്രു ട്രോഫി വള്ളംകളി: കാരിച്ചാൽ ചുണ്ടന് കിരീടം
ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ ജലരാജാവായി കാരിച്ചാല്‍. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തിയുടെ കാരിച്ചാല്‍ ചുണ്ടന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇക്കുറി കപ്പില്‍ മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കാരിച്ചാല്‍. തുടര്‍ച്ചയായി അഞ്ചാം കിരീടമാണ് കാരിച്ചാല്‍ ചുണ്ടന്റേത്.
ഫോട്ടോ ഫിനിഷിനാണ് വീയപുരത്തെ കാരിച്ചാല്‍ മറികടന്നത്. ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയത്തോടെയാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.29.785 മിനിറ്റിലായിരുന്നു ഫോട്ടോഫിനിഷിങില്‍ കാരിച്ചാലിന്‍റെ ജയം.
ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി തുഴഞ്ഞ വീയ്യപുരം ചുണ്ടന്‍ രണ്ടാമതും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും എത്തി. നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടന്‍ ആണ് നാലാം സ്ഥാനത്ത്.