18 April, 2025 01:01:14 PM


ബെംഗളൂരുവിൽ നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

   

ബെംഗളൂരു: നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവ് അറസ്റ്റിൽ. കലാസി പല്യ എസ്‌ ജെ പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായി കാണിക്കുന്ന റീൽ ഏപ്രിൽ 12-ന് ആയിരുന്നു ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തു.

തുടർന്ന് പൊലീസ് യുവാവിനായുള്ള തിരച്ചിലിൽ ആയിരുന്നു. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി. എന്നാൽ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറിൽ ചായയായിരുന്നെന്ന് എസ്‌ ജി പാർക്ക് പൊലീസ് അറിയിച്ചു.

യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമമായ എക്സിൽ ബെംഗളൂരു പൊലീസ് പങ്കുവെച്ചിട്ടുണ്ട്. 'ട്രാഫിക് ലൈനിൽ ചായ കുടിച്ചാൽ നിങ്ങൾക്ക് പ്രശസ്തിയല്ല, മറിച്ച് കനത്ത പിഴയായിരിക്കും !!! സൂക്ഷിക്കുക, ബെംഗളൂരു സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്', എന്നായിരുന്നു കുറിപ്പ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K