18 July, 2024 10:19:21 AM


റീല്‍സെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം



മുംബൈ: റീല്‍സ് ചിത്രീകരണത്തിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് വ്‌ലോഗര്‍ മരിച്ചു. ഇന്‍ഫ്‌ലുവന്‍സറും ട്രാവല്‍ വ്‌ലോഗറുമായ ആന്‍വി കാംദാര്‍ (26) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആന്‍വി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആന്‍വി എത്തിയത്. റീല്‍സ് എടുക്കുന്നതിനിടെ ആന്‍വി കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആന്‍വി പതിച്ചത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. കോസ്റ്റ്ഗാര്‍ഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. 6 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആന്‍വിയെ പുറത്തെടുത്തു.

വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ആന്‍വിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി നിരവിധ വ്‌ലോഗുകളും റീലുകളുമാണ് മുംബൈ സ്വദേശിനിയായ ആന്‍വി ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് സഹ്യാദ്രി മലനിരകളില്‍പ്പെട്ട കുംഭെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ ആന്‍വി എത്തിയത്. ആന്‍വിയുടെ മരണത്തോടെ മേഖലയിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിയന്ത്രിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K