24 July, 2024 12:56:38 PM


ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണം: നിര്‍മ്മാതാവ് സജിമോന്‍ ഹൈക്കോടതിയില്‍



കൊച്ചി: ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് പരസ്യപ്പെടുത്താന്‍ ഇരിക്കെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പറയില്‍ ഹൈക്കോടതിയെ സമീപിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാകാശ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കണം എന്നതാണ് ആവശ്യം. നാലുവര്‍ഷത്തിന് ശേഷം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരാനിരിക്കെയാണ് ഈ നീക്കം നടന്നിരിക്കുന്നത്.ഹർജി ഇന്ന് തന്നെ പരിഗണിക്കും.

ഏറെ വിവാദങ്ങള്‍ക്കും നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ റിപോര്‍ട്ട് ഇന്ന് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ നില്‍ക്കെയാണ് ഹര്‍ജി. വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി, റിപോര്‍ട്ട് പുറത്തുവിടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകള്‍ സിനിമ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സിനിമ രംഗത്തെ നിരവധി സ്ത്രീകള്‍ നിര്‍ണായക വിവരങ്ങള്‍ അടക്കം കമ്മീഷന് കൈമാറിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K