29 October, 2026 03:57:21 PM


കോളേജ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി പീഡിപ്പിച്ചു; ടിവികെ നേതാവ് അറസ്റ്റിൽ



ചെന്നൈ: കോളേജ് വിദ്യാർത്ഥിനിയെ ലിഫ്റ്റ് നൽകാനായി കാറിൽ കയറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴക വെട്രി കഴകം(ടിവികെ) നേതാവ് അറസ്റ്റിൽ. ടി വി കെ സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറിനെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപമാണ് സംഭവം.

നാഗർകോവിലിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എം എ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയും സുഹൃത്തും ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. ഇതുവഴി കാറിൽ വന്ന ക്രിസ്റ്റഫർ മഴയായതിനാൽ ഇരുവർക്കും വീട്ടിലാക്കാമെന്ന് പറഞ്ഞ് ലിഫ്റ്റ് നൽകുകയായിരുന്നു. കാറിൽ കയറിയ സുഹൃത്തിനെ ആദ്യം ഇറക്കിവിട്ട ശേഷം, പെൺകുട്ടിയുമായി പോകവേ വഴിമധ്യേ വാഹനം നിർത്തിയ ക്രിസ്റ്റഫർ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് തക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതോടെ ക്രിസ്റ്റഫർ ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കന്യാകുമാരി പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ ടിവികെക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിനിക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡിഎംകെ എം പി കനിമൊഴി ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ടിവികെ അഭയം നൽകുകയാണെന്ന് കനിമൊഴി ആരോപിച്ചു. സ്ഥിരം കുറ്റവാളികളുടെയും ലൈംഗികാതിക്രമം നടത്തുന്നവരുടെയും കൂടാരമായി പാർട്ടി മാറിയെന്നും; പൊതുജനങ്ങളെ ഉപദേശിക്കുന്നതിന് മുൻപ് സ്വന്തം പാർട്ടിയിലേക്ക് എടുക്കുന്നവരെക്കുറിച്ച് വിജയ് കൃത്യമായി പരിശോധിക്കണമെന്നും കനിമൊഴി എക്സിൽ കുറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929