30 October, 2026 12:47:25 PM


വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയില്‍; നിരവധിപ്പേര്‍ ചികിത്സയില്‍



തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയില്‍. 27 പേർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന് പിന്നാലെ വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വറ്റ മത്സ്യ വില്‍പന നിര്‍ത്തിവെച്ചത്. തീരദേശ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുള്ളതാണെന്ന് വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ പറഞ്ഞു.

മത്സ്യം വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കർശന ജാഗ്രത പുലർത്തണമെന്നും നഗരസഭ പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ നിർദേശത്തെ തുടർന്ന് വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വറ്റ മത്സ്യത്തിന്റെ വിൽപ്പന തടഞ്ഞു. വർക്കല പൊലീസിന്റെ സഹായത്തോടെ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്ന് പുത്തൻചന്ത, മരക്കടമുക്ക്, അയന്തി തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി. 20 മുതൽ 25 കിലോ വരെ തൂക്കമുള്ള വലിയ വറ്റ മത്സ്യങ്ങളുടെ വിൽപ്പനയാണ് തടഞ്ഞത്.

വറ്റ മത്സ്യം കഴിച്ചതിനെ തുടർന്ന് 27 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജി എസ് അറിയിച്ചു. രണ്ടുപേർ വെന്റിലേറ്ററിലാണെന്നാണ് ലഭിച്ച വിവരമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അധികൃതർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ വിൽപന നിർത്താൻ തയ്യാറായി.പഞ്ചായത്ത് പരിധിയിൽ ഇത്തരം മത്സ്യങ്ങൾ വിൽക്കുന്ന മറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി വിൽപന തടയുന്നതിനും ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനും നടപടികൾ തുടരുമെന്നും സുജി എസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955