04 September, 2026 09:18:25 AM


സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാർഥി അറസ്റ്റില്‍



കൊച്ചി: കോളജ് അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി വിറ്റെന്ന പരാതിയില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ശ്രീഹരിയാണ് പിടിയിലായത്. കോളജിലെ പരിപാടികളുടെ വിഡിയോ ഷൂട്ട് ചെയ്ത്, ഇതില്‍നിന്ന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലഗ്രാമിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്.

ശ്രീഹരിയുടെ ഫോണ്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് അശ്ലീലചിത്രങ്ങളാക്കി മാറ്റിയത്. അധ്യാപകര്‍ പഠിപ്പിക്കുന്ന ചിത്രങ്ങളും മോര്‍ഫിങ്ങിന് ഉപയോഗിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറി ദൃശ്യങ്ങളും ഫോണിലുണ്ട്. നഗ്ന ചിത്രങ്ങള്‍ വിറ്റ് ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് അശ്ലീല ചിത്രങ്ങള്‍ വിറ്റിരുന്നത്. പണമിടപാടിന്റെ വിവരങ്ങളും ചാറ്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ടെലഗ്രാം ചാറ്റുകള്‍ വഴിയാണ് ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളായി മോര്‍ഫ് ചെയ്ത് ലഭിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശ്രീഹരി പകര്‍ത്തിയതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഒരു ടെലഗ്രാം ചാറ്റിലേക്ക് അയക്കുന്നു. അവിടെ നിന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങളായി ലഭിക്കുകയാണ് ചെയ്യുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ശ്രീഹരിയെ കോളജില്‍ നിന്നും പുറത്താക്കി. കെഎസ് യു യൂണിറ്റ് മീഡിയ കോഓര്‍ഡിനേറ്ററും വിഡിയോ എഡിറ്ററുമാണ് ശ്രീഹരിയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവം അറിഞ്ഞതോടെ ശ്രീഹരിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി കെഎസ് യു ഭാരവാഹികള്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932