27 August, 2026 11:54:45 AM
കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം - നടക്കാവ് ഹൈവേയില്‍ കാക്കൂര്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു ബസ്.
റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാനായി ഡ്രൈവര്‍ ബസ് വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് വശത്തേക്ക് മറിയുകയായിരുന്നു. പെട്രോൾ പമ്പിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും മോനിപ്പള്ളി എംയുഎം ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവരിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്.







