24 August, 2026 09:10:10 AM
കുരുക്ഷേത്രയിൽ ഭർത്താവിനെ കുത്തിക്കൊന്ന് കുടൽ കവറിലാക്കി; ഭാര്യ അറസ്റ്റിൽ

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി വയർ വെട്ടിപ്പൊളിച്ച് ആന്തരിക അവയവങ്ങൾ കവറിലാക്കാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യ പിടിയിൽ. ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഭാര്യ വിമല ദേവിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീഹോവ റോഡിൽ കുടിവെള്ള വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന രാജേഷും ഭാര്യ വിമലയും കുരുക്ഷേത്രയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വീട്ടിൽ നിന്ന് നിലവിളിയും ബഹളവും കേട്ട് വീട്ടുഉടമ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന രാജേഷിന് സമീപം വിമല ഇയാളുടെ കുടലുകൾ പ്ലാസ്റ്റിക് കവറിലാക്കാൻ ശ്രമിക്കുന്നത് ഉടമ കാണുകയായിരുന്നു. ഇയാളെ കണ്ടതോടെ പരിഭ്രാന്തയായ വിമല വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ അതിക്രമത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കത്തി കൊണ്ട് നിരവധി തവണ കുത്തേറ്റ രാജേഷിന്റെ വയർ 35 സെന്റീമീറ്ററോളം നീളത്തിൽ വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. ഇയാളുടെ കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള കത്തികൾ സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. വിമല ആഭിചാര ക്രിയകളിലും ദുർമന്ത്രവാദങ്ങളിലും ഏർപ്പെട്ടിരുന്നതായി വീട്ടുഉടമ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ്, ആശുപത്രിയിൽ ചികിത്സയിലുള്ള വിമലയുടെ ആരോഗ്യം തൃപ്തികരമാകുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അറിയിച്ചു.





