10 September, 2026 03:07:11 PM
യുവതിയെയും പ്രതിശ്രുത വരനെയും മുൻ ആൺസുഹൃത്ത് മർദിച്ചു; 6 പേർക്കെതിരെ കേസ്

കണ്ണൂർ: യുവതിയെയും പ്രതിശ്രുത വരനെയും മുൻ ആൺസുഹൃത്തും സംഘവും മർദിച്ച സംഭവത്തിൽ 6 പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ധർമ്മശാല സ്വദേശി സൗരവ്, മാതാപിതാക്കൾ എന്നിവരടക്കമുള്ളവർക്കെതിരെയാണ് കേസ്. കരിയാട് സ്വദേശിയായ 23കാരിയും പ്രതിശ്രുത വരനുമാണ് മർദനത്തിനിരയായത്. ഞായറാഴ്ച രാത്രി എട്ടരയോടെ ധർമ്മശാലയിലായിരുന്നു സംഭവം. സൗരവും യുവതിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. സൗരവിനെതിരെ മറ്റൊരു കേസ് നിലവിലുണ്ടെന്ന് അറിഞ്ഞതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറുകയും ഏച്ചൂർ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
തുടർന്ന് സൗരവ് തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ഇതുസംബന്ധിച്ച് വനിതാ സെല്ലിൽ പരാതി നൽകിയെന്നും യുവതി പറയുന്നു. പരാതി സംബന്ധിച്ച് സംസാരിക്കാനായി യുവതിയെയും പ്രതിശ്രുത വരനെയും സൗരവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് മർദനം നടന്നതെന്നാണ് പരാതി. സൗരവും സംഘവും മുഖത്ത് അടിക്കുകയും കടിക്കുകയും ചെയ്തതായും യുവതി ആരോപിച്ചു. തേസമയം, യുവതിയും പ്രതിശ്രുത വരനും ചേർന്ന് തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് സൗരവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.





