05 September, 2026 02:16:04 PM
തൃക്കാക്കര മോർഫിങ് കേസ്; പ്രതി ബന്ധുക്കളുടെ ഫോട്ടോയും മോർഫ് ചെയ്തു

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ശ്രീഹരി ബന്ധുക്കളുടെ അടക്കം ഫോട്ടോകള്‍ മോര്‍ഫ് ചെയ്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ചിത്രങ്ങള്‍ കൈമാറാന്‍ നാലഞ്ച് പേര്‍ മാത്രമുള്ള രഹസ്യ ഗ്രൂപ്പാണ് ഉപയോഗിച്ചിരുന്നത്. ഏത് ആപ്പ് വഴിയാണ് മോര്‍ഫിങ് നടത്തിയത് എന്ന് പരിശോധിക്കുകയാണെന്നും കാളിരാജ് മഹേഷ് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പേര്‍ അന്വേഷണപരിധിയില്‍ വരുന്നുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ ഐഫോണാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ടെലഗ്രാം വഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കോളേജ് മാഗസിന് വേണ്ടി അടക്കം പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥിയാണ് ശ്രീഹരി. ചില കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്നും പൊലീസ് അറിയിച്ചു. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലെ കേസുകളുമായി കൊച്ചിയിലെ സംഭവത്തിന് ബന്ധമുള്ളതായി നിലവില്‍ കണ്ടെത്തിയിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. മറ്റ് കോളേജുകളില്‍ സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിയെന്നാണ് പ്രതി ശ്രീഹരിയുടെ മൊഴി. ഒളിവില്‍ പോയ ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘവും ഉള്‍പ്പെട്ടിരുന്നു. പതിനായിരത്തോളം പേര്‍ അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പിലാണ് ഫോട്ടാകള്‍ പ്രചരിപ്പിച്ചത്. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.





