01 September, 2026 05:23:51 PM
പുസ്തകം മറന്നതിന് അധ്യാപിക വെയിലത്ത് നിര്‍ത്തി; ഡൽഹിയില്‍ 10 വയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: പുസ്തകം കൊണ്ടുവരാൻ മറന്നതിന് അധ്യാപിക വെയിലത്ത് നിർത്തിയ 10 വയസുകാരി മരിച്ചു. ഡൽഹിയിലെ വിനോദ് നഗറിലെ സർക്കാർ സ്കൂളിലാണ് സംഭവം. അധ്യാപിക ശിക്ഷിച്ചതിനു പിന്നാലെ അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. ഓഗസ്റ്റ് 27നാണ് സർവോദയ കന്യ വിദ്യാലയത്തിൽ സംഭവം നടന്നത്. പുസ്തകം കൊണ്ടുവരാൻ മറന്നതിന് കുട്ടിയെ അധ്യാപിക രൂക്ഷമായി ശകാരിക്കുകയും കൈകൾ പൊക്കിപ്പിടിച്ച് മണിക്കുറുകളോളം വെയിലത്ത് നിർത്തുകയും ചെയ്തതായി കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. അധ്യാപികയ്ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ അധ്യാപികയ്ക്കെതിരേ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രതികരിച്ചു. ആരോപണ വിധേയയായ അധ്യാപികയെ സ്ഥലം മാറ്റിയതായും മന്ത്രി വ്യക്തമാക്കി.





