30 August, 2026 01:23:18 PM


കോഴിക്കോട് രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം



കോഴിക്കോട്: കോഴിക്കോട് രാത്രി പട്രോളിങ്ങിനിടെ പോലീസ് സംഘത്തിനുനേരെ ആക്രമണം. സിറിഞ്ച് ഉപയോഗിച്ച് എംഎസ്പിയിലെ സിവിൽ പോലീസ് ഓഫീസറായ വടകര സ്വദേശി കെ ആദർശിനെ(25) കുത്തി പരുക്കേൽപ്പിച്ചു. ചികിത്സ തേടിയ ആദർശ് പ്രഥമ ശുശ്രൂഷയ്ക്കു ശേഷം രാത്രി തന്നെ ആശുപത്രി വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 8 മണിയോടെ മാനാഞ്ചിറ സ്ക്വയറിൽ വച്ചായിരുന്നു സംഭവം. കണ്ടാലറിയാവുന്ന ആറു പേരെ പ്രതിയാക്കി ടൗൺ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പുലർച്ചെയോടെ മൂന്നുപേർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. രാമനാട്ടുകര സ്വദേശികളായ രജാദ്(38), ബെന്നി ലോയിഡ്(48), നന്ദകുമാർ(25) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുന്നതിനിടെ മാനാഞ്ചിറ സ്ക്വയറിന് ഉള്ളിൽ എന്തോ പ്രശ്നം ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം എത്തുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ ആറു പേർ ഒന്നിച്ചു നിൽക്കുന്നതായി കണ്ടു. ഇതിൽ രണ്ടു പേർ പോലീസിനെ കണ്ട് ഓടിയതോടെ മറ്റു നാലു പേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ കയ്യിലുണ്ടായിരുന്ന സിറിഞ്ച് കൊണ്ട് പോലീസുകാരന്റെ വലതുകൈയിൽ കുത്തി പരിക്കേൽപ്പിച്ചത്. ഇതിനു പിന്നാലെ ഇവരും ഓടി മറയുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ ലഹരി സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. മറ്റു മൂന്നു പേർക്കായി പോലീസ് തിരച്ചിൽ‌ ശക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K