07 September, 2026 01:42:39 PM


ഗുവാഹത്തിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് തല ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ



ഗുവാഹത്തി: വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ 25 കാരിയായ യുവതിയെ ഗുവാഹത്തിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തി സ്വദേശിനിയായ റിയ താലൂക്ക്ദാറാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ ആറിന് അയൽവാസികൾ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു. 

തുടർന്ന് പൊലീസ് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടായിരുന്നെന്നും ശരീരത്തിന്റെ ചില ഭാഗങ്ങൾ വേർപെടുത്തിയ നിലയിലായിരുന്നെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഫ്ലാറ്റിനുള്ളിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ തല പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അയൽവാസികൾ ഇയാളെ അവസാനമായി കണ്ടതെന്നാണ് വിവരം. മൃതദേഹവും കണ്ടെത്തിയ മറ്റ് ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

ഞായറാഴ്ച രാത്രിയോടെ ഭർത്താവ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മൊഴി രേഖപ്പെടുത്തി, ലഭിച്ച തെളിവുകളുമായി അത് പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രതിയുടെ പങ്കും മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നതും ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935