18 August, 2026 10:49:17 AM
ബെംഗളൂരുവിൽ അച്ഛനെയും 4 വയസ്സുകാരൻ മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ചിക്കബാനവരയിൽ യുവാവിനെയും നാല് വയസ്സുകാരനായ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുട്ടെ ബസവേശ്വര നഗർ ഒമ്പതാം ക്രോസിലെ വാടകവീട്ടിൽ താമസിച്ചിരുന്ന അഭിനന്ദൻ (34), നാല് വയസ്സുകാരനായ മകൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഭിനന്ദന്റെ അമ്മ ഭാഗ്യമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ ബന്ധുവിൻ്റെ ഫോൺ സന്ദേശം ലഭിച്ചാണ് ഭാഗ്യമ്മ വിവരമറിയുന്നത്. തുടര്‍ന്ന് രാവിലെ ഒമ്പതരയോടെ സ്ഥലത്തെത്തിയ അമ്മ കാണുന്നത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിലുള്ള അഭിനന്ദന്റെയും, ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയിലുള്ള പേരക്കുട്ടിയുടെയും മൃതദേഹങ്ങളാണ്.
അഭിനന്ദന്റെ ഭാര്യ ഹരിണിയ്ക്ക് മറ്റൊരു യുവാവുമായുള്ള ബന്ധത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് ഭാഗ്യമ്മയുടെ പരാതിയിൽ ആരോപിക്കുന്നത്. ഒരു വർഷം മുമ്പ് ഹരിണി വിനയ് എന്നയാളോടൊപ്പം പോവുകയും രണ്ടു മാസത്തിന് ശേഷം തിരികെയെത്തി അഭിനന്ദനൊപ്പം വീണ്ടും താമസം തുടരുകയുമായിരുന്നുവെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ചിക്കബാനവര പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 238, 103(1) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരാതിയിലെ ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.





