06 August, 2026 05:51:22 PM
വിമാനയാത്രക്കിടെ എമര്ജന്സി വാതില് തുറക്കാന് ശ്രമം; പാലക്കാട് സ്വദേശി അറസ്റ്റില്

കൊച്ചി: മലേഷ്യയിലെ കോലാലംപൂരിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്ജന്സി വാതില് തുറക്കാന് ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റില്. അതിക്രമം കാണിച്ച 36കാരനായ ജംഷീര് അത്താണിക്കല് എന്ന യാത്രികനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ബുധനാഴ്ച രാത്രി ഇന്ത്യന് സമയം 9.30നും 11.05നുമിടയിലാണ് സംഭവം. യുവാവിന്റെ പശ്ചാത്തലമടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബാടിക് എയർലൈൻ വിമാനത്തിലാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടായത്.
വിമാനം കൊച്ചിയിലേക്ക് അടുക്കാറായ സമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ഈ സമയം വലിയ ശബ്ദം കേട്ട് ഉണർന്ന യാത്രക്കാരാണ് എമർജൻസി എക്സിറ്റ് ഡോറിന് സമീപമിരുന്ന യുവാവ് വിൻഡോ പാനൽ തകർത്ത ശേഷം വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ സഹയാത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും ചേർന്ന് ഇയാളെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. വിമാനം കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ജംഷീറിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും തുടർ നിയമനടപടികൾക്കായി നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയും ചെയ്തു.





