03 September, 2026 08:47:57 AM
പേരാവൂരിൽ കല്യാണവീട്ടിൽ സംഘർഷം: 3 പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂർ: പേരാവൂരിന് സമീപം പാമ്പാളിയിൽ വിവാഹാ ഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. പാമ്പാളി സ്വദേശി കൂരിയാടൻ അൻസാർ (30), തെരു സ്വദേശി പട്ടനാടൻ അരുൺ (29), മുരിങ്ങോടി സ്വദേശി അഭിജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. കല്യാണ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ അയൽവാസി മൂവരെയും ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
വെട്ടേറ്റ അരുൺ, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ അൻസറിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.





