29 July, 2026 07:46:32 PM
പാമ്പാടി പോലീസ് നടത്തിയ സമയബന്ധിത അന്വേഷണം; പോക്സോ കേസ് പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും

പാമ്പാടി: 2024 സെപ്റ്റംബർ 19-ന് രജിസ്റ്റർ ചെയ്ത കേസിൽ പാമ്പാടി പോലീസ് നടത്തിയ സമഗ്രവും സമയബന്ധിതവുമായ അന്വേഷണത്തിന്റെ ഫലമായി പ്രതിക്ക് 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചു. കേസിൽ പാമ്പാടി പോലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് നടത്തിയ സൂക്ഷ്മവും ശാസ്ത്രീയവുമായ അന്വേഷണമാണ് കേസിന്റെ നിർണായക വിജയത്തിന് വഴിയൊരുക്കിയത്.
അന്വേഷണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി 2024 നവംബർ 16-ന് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്ന് കേസിന്റെ വിസ്താരം പൂർത്തിയാക്കി ഇന്ന് (29.07.2026) കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. കേസിലെ പ്രതിയായ ആരോമൽ ടി. ബിജു @ ശ്രീക്കുട്ടൻ(@ ശ്രീക്കുട്ടി) (25),s/o ബിജു കെ.കെ., തെക്കേക്കോട്ടയിൽ വീട്, മീനടം , തകിടി ഭാഗം, മീനടം വില്ലേജ് നെയാണ് കോടതി 40 വർഷം തടവിനും ₹1 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് പ്രവർത്തിച്ചു. കേസ് എഴുതിയത് എ.എസ്.ഐ. സന്തോഷ് കുമാർ പി.ആർ. ആണ്. പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നടപടികളിൽ എസ്.ഐ. ജോജൻ ജോർജ്, എസ്.സി.പി.ഒ. സുമീഷ് മക്മില്ലൻ, സി.പി.ഒ. ശ്രീജിത്ത് രാജ് എ.ആർ. എന്നിവർ സി.പി.ഒ. നിഷ മോൾ സി.ആർ. എന്നിവർ അന്വേഷണ സംഘത്തെ സഹായിച്ചു. കേസിന്റെ തുടക്കം മുതൽ അവസാനം വരെ അന്വേഷണ സംഘത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി മേൽനോട്ടം വഹിച്ച വിരമിച്ച ഡിവൈ.എസ്.പി. അനിൽകുമാർ എം., അന്വേഷണ ഉദ്യോഗസ്ഥനായ റിച്ചാർഡ് വർഗീസ്, കേസ് എഴുതിയ എ.എസ്.ഐ. സന്തോഷ് കുമാർ പി.ആർ. എന്നിവരെയും കേസിന്റെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. സമയബന്ധിതവും കാര്യക്ഷമവുമായ അന്വേഷണവും ശക്തമായ തെളിവുകളുടെ ശേഖരണവും പ്രോസിക്യൂഷന്റെ ഫലപ്രദമായ ഇടപെടലുമാണ് കേസിൽ പ്രതിക്ക് കർശന ശിക്ഷ ലഭിക്കാൻ നിർണായകമായത്.





